മല്ലപ്പള്ളി : ജനാധിപത്യത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും അർഹിക്കുന്ന പ്രാതിനിധ്യമുണ്ടാകണമെന്ന് മുൻ മന്ത്രി കെ ടി ജലീൽ. മല്ലപ്പള്ളിയിൽ ആദിവാസി, ദളിത്, ന്യുനപക്ഷ അവകാശങ്ങളും, പോരാട്ടങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയും ഭൂരിപക്ഷ വർഗീയതയും സമാനമല്ല. ഇടതുപക്ഷം ദുർബലമായിരിക്കാം പക്ഷെ ഇടതുപക്ഷ ആശയങ്ങൾ രാജ്യത്തെ വഴികാട്ടുന്നതാണെന്നും മതഭ്രാന്തിൻ്റെ രാഷ്ട്രീയം എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വർഗീയതയുടെയും ന്യൂനപക്ഷ വർഗീയതയുടെ വ്യാപന സാധ്യത പരിമിതമാണ്.
ജഹാംഗീർ പുരിയിലെ ചേരികളിൽ പ്രതിരോധത്തിന് മുസ്ലീം ലീഗും എസ്ഡിപിഐ യുമല്ല എത്തിയത് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡ്യയിലെ മതനിരപേക്ഷ വാദികൾ ഒന്നിച്ചു ശ്രമിച്ചാൽ ബി ജെ പി ഇൻഡ്യ ഭരിക്കില്ല. ലോകം ഒന്നാകണമെന്ന പ്രഖ്യാപനത്തിന് കാതോർക്കേണ്ട സമയമാണിത്. മത ന്യൂനപക്ഷ വർഗീയവാദികൾ മതേതര വോട്ട് ഭിന്നിപ്പിച്ച് ബി ജെ പി ക്ക് അധികാരത്തിലേറാൻ അവസരം ഒരുക്കുകയാണെന്നും കെ ടി ജലീൽ പറഞ്ഞു. സി പി ഐ എം ഏരിയാ സെക്രട്ടറി ബിനുവർഗീസ് അധ്യക്ഷനായി, രാജു ഏബ്രഹാം, ആർ മനു, നീതു അജിത്ത്, ഷിനു കുര്യൻ, ആൽഫിൻ ഡാനി, വി എസ് ഈശ്വരി എന്നിവർ സംസാരിച്ചു.