ജലന്ധര്‍ : അന്താരാഷ്ട്ര കബഡി താരം വെടിയേറ്റ് മരിച്ചു. സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ് മരിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെയാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് 20 ലേറെ തവണ വെടിയേറ്റുവെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ ടൂര്‍നമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് സന്ദീപ് പുറത്തേക്ക് വരുമ്ബോള്‍ നാല് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സന്ദീപിന് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരം കാണാന്‍ മരത്തിലും മതിലുകളിലും കയറി നിന്നവരാണ് വീഡിയോ ഷൂട്ട് ചെയ്തത്. നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം.