ഹൈദരാബാദ്: സിനിമ നിര്‍മാതാവ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. തെലുങ്ക് സിനിമ നിര്‍മാതാവ് കെ.പി ചൗധരിയാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത്. സൈബറാബാദ് പോലീസ് ചൗധരിയെ കസ്റ്റഡിയിലെടുക്കുകയും ഇയാളില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടുകയും ചെയ്തു. രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ചൗധരിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കെപി ചൗധരി ഗോവയിലാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദ്രാബാദ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം കണ്ടെത്തിയത്.
82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്ന്‍ പൊതികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ചൗധരി ഗോവയില്‍ നിന്ന് 100 പൊതി കൊക്കെയ്ന്‍ വാങ്ങിയതായി പോലീസ് കണ്ടെത്തി. അതേസമയം ഇതാദ്യമായല്ല ഒരു ടോളിവുഡ് സെലിബ്രിറ്റി മയക്കുമരുന്ന് റാക്കറ്റ് കേസില്‍ അറസ്റ്റിലാകുന്നത്. നേരത്തെ, പുരി ജഗന്നാഥ്, ചാര്‍മി, റാണ ദഗ്ഗുബതി, രവി തേജ, മുമൈത് ഖാന്‍, നവദീപ്, നന്ദു, തരുണ്‍, തനിഷ് എന്നിവരെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.