കാബൂള്‍: വിദേശി ഡോക്ടര്‍മാരുള്‍പ്പെടെ ജോലി ചെയ്യുന്ന കാബൂളിലെ സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ തോക്കുധാരികളുടെ ആക്രമണം. മൂന്നു സ്ത്രീകളും ഒരു കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വാര്‍ത്ത ഏജന്‍സി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കുണ്ട്.
ആശുപത്രി പരിസരം വളഞ്ഞ സൈന്യം തോക്കുധാരികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമികളിലൊരാളെ വെടിവെച്ചു കൊന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് താരീഖ് അരിയാന്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 80 ലേറെ പേരെ ആശുപത്രിയില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
കാബൂളിലെ ദഷ്തി ബര്ചിയിലുള്ള ആശുപത്രിയില്‍ ആഗോള കൂട്ടായ്മ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് -എം.എസ്.എഫ്) പിന്തുണയോടെ മാതൃശിശു ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. ശിയാ ഭൂരിപക്ഷമുള്ള മേഖലയില്‍ നേരത്തേ ഐ.എസ് ആക്രമണം നടന്നിരുന്നു.
അതിനിടെ കിഴക്കന്‍ അഫ്ഗാനിലെ നങ്കഹാര്‍ പ്രവിശ്യയില്‍ വിലാപയാത്രക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കുണ്ട്. കുസ് കുനര്‍ ജില്ലയിലെ പോലീസ് കമാന്‍ഡര്‍ ശൈഖ് അക്രമിന്റെ മരണാനന്തര ചടങ്ങിനു നേരെയാണ് ആക്രമണമെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അതാഉല്ല ഖൊഗ്യാനി പറഞ്ഞു.
വിലാപയാത്രയില്‍ ആയിരങ്ങളാണ് സംബന്ധിച്ചതെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പരിക്കേറ്റ ആമിര്‍ മുഹമ്മദ് പറഞ്ഞു. അഫ്ഗാന് പാര്‍ലമെന്റ് അംഗം ഹസ്രത് അലി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. അതേസമയം ഇരുസംഭവങ്ങളിലും തങ്ങള്‍ക്ക് ബന്ധമില്ലെന്ന് താലിബാന് വക്താവ് സബിഉല്ല മുജാഹിദ് അറിയിച്ചു.