കാബുള്‍ : അഫ്ഗാനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യാക്കാരുടെ ദുരവസ്ഥ വിവരിച്ച് കാബുളില്‍ നിന്നുള്ള മലയാളി യുവാവ്. മലയാളികളടക്കം ഇരുനൂറോളം ഇന്ത്യക്കാര്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നതായി യുവാവ് വ്യക്തമാക്കി.
ഇവിടെ നിന്നും പുറത്തുപോകുന്നവരുടെ പാസ്സ്‌പോര്‍ട്ടുകളടക്കം പരിശോധിക്കുന്നുണ്ടെന്നും അവ പിടിച്ചുവെയ്ക്കുന്നതായി കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന്റെ സത്യാവസ്ഥ വ്യക്തമല്ല. അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗം ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഗവണ്‍മെന്റ് താലിബാനാണ്. പോലീസിന്റെ വാഹനമുള്‍പ്പെടെ ഉപയോഗിക്കുന്നതും അവര്‍ തന്നെയാണ്. എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തുന്നുണ്ട്. അവര്‍ പാസ്‌പ്പോര്‍ട്ടുകള്‍ നോക്കിയതിന് ശേഷം ചിലരെ തിരിച്ചയക്കുന്നതായും കേള്‍ക്കുന്നുണ്ട്. എല്ലാവരും പല സ്ഥലങ്ങളിലായാണ് ഉള്ളത്.
എന്നാല്‍ എവിടെയാണുള്ളതെന്ന് ഒരു മാധ്യമത്തിലൂടെ പറയാന്‍ നിര്‍വാഹമില്ല. ഞങ്ങള്‍ക്ക് ഫ്‌ളൈറ്റ് അയച്ചുതന്നാല്‍ മാത്രം പോരാ, അവിടേക്ക് എത്താനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. അഞ്ചോളം ചെക്ക് പോസ്റ്റുകള്‍ താണ്ടിവേണം വിമാനത്താവളത്തിലെത്തുവാന്‍. എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള ഒരവസ്ഥയല്ല നിലവിലുള്ളത്. ഇവിടെ ചില നിയന്ത്രണങ്ങളുമുണ്ടെന്ന് യുവാവ് വ്യക്തമാക്കി.