തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ150 ജീവനക്കാര്‍ കൊറോണ നിരീക്ഷണത്തില്‍ പോയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തും.
ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും മെഡിക്കല്‍ കോളേജില്‍ വരരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കൊറോണ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസുഖം വന്നിട്ടില്ലെന്നും മറ്റ് വിഭാഗങ്ങളിലെയും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്.
കഴിഞ്ഞ ദിവസം ആറ് ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.