തിരുവനന്തപുരം : കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലീസിനുമെതിരെ ഗുരുതര വിമര്‍ശനവുമായി യുവതിയുടെ പിതാവ്. പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിഞ്ഞുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചത്. മകളെ ജയിലില്‍ നിന്നിറക്കില്ലെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തി. സ്ത്രീധനം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
കേസില്‍ മകള്‍ നിരപരാധിയാണെന്ന ഉറച്ച നിലപാടിലാണ് യുവതിയുടെ മാതാപിതാക്കള്‍ . യുവതിയുടെ ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. ഭര്‍ത്താവും ഇപ്പോഴത്തെ ഭാര്യയും ചേര്‍ന്ന് കള്ളക്കഥകള്‍ ചമയ്ക്കുകയാണെന്നും കുട്ടിക്ക് മയക്കുമരുന്ന് നല്‍കുന്നുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന് വേണ്ടിയാണ് കള്ളക്കേസ് നല്‍കിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.
മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. പോക്‌സോ കേസില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. എന്നാല്‍ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകന്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.
അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്‍റെ വെളിപ്പെടുത്തല്‍. ചേട്ടനെ മര്‍ദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്