തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയ്‌ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മകന്‍റെ മൊഴിയില്‍ കഴമ്പുണ്ടെന്നും ഇത് കുടുംബപ്രശ്‌നം മാത്രമല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ അമ്മയുടെ മൊബൈലില്‍നിന്ന് ലഭിച്ചു. കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പരാതി നല്‍കിയ കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നെന്നും ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പതിമൂന്നുകാരനായ മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലിലടച്ചതോടെയാണ് സംഭവം വിവാദമായത്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തിന്‍റെ അന്വേഷണത്തിന്‍റെ ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ്.
പിതാവു തല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും തന്നോടും സമാനമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പതിനൊന്നുകാരനായ മകന്‍ ഇതിനിടെ വെളിപ്പെടുത്തിയിരുന്നു. അമ്മയെ ജയിലില്‍ അടയ്ക്കുമെന്നു പലവട്ടം പറഞ്ഞിരുന്നതായും കുട്ടി സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചു.പതിമൂന്നുകാരന്റെ പീഡന പരാതിയില്‍ മാതാവിനെതിരെ ഡിസംബര്‍ 18 നാണ് കടയ്ക്കാവൂര്‍ പോലീസ് പോക്‌സോ കേസെടുത്തത്.
പതിനേഴും പതിനൊന്നും പതിമൂന്നും വയസ്സുള്ള 3 ആണ്‍മക്കളും 6 വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്. പെരുംകുളം സ്വദേശിയായ ഭര്‍ത്താവ് വിദേശത്തു ജോലിക്കു പോയ ശേഷം നാട്ടിലെത്തുമ്പോഴെല്ലാം സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കളുടെ പരാതിയുണ്ട്.
വിവാഹബന്ധം വേര്‍പെടുത്താതെ 2019 ല്‍ ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു താമസം മാറ്റി. മൂന്നാമത്തെ മകനൊഴികെ കുട്ടികളെ ബലമായി വിദേശത്തേക്കു കൊണ്ടുപോവുകയും ചെയ്തു.ഇതിനിടെ മകനില്‍ നിന്നു പീഡനവിവരം അറിഞ്ഞ പിതാവ് കുട്ടിയുമൊത്തു നാട്ടിലെത്തി പരാതി നല്‍കിയെന്നാണു പോലീസ് ഭാഷ്യം. എന്നാല്‍ ഭര്‍ത്താവിന്‍റെ പണസ്വാധീനത്തിനു വഴങ്ങിയാണു കടയ്ക്കാവൂര്‍ പോലീസിന്‍റെ നടപടിയെന്നാണു യുവതിയുടെ ബന്ധുക്കളുടെ പരാതി.