തിരുവല്ല : കദളിമംഗലം പടയണിയിൽ ഇന്നും നാളെയും അടവി നടക്കും. ഇന്ന് രാത്രി ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ അടവി ഉത്സവമാണ് നടക്കുക. പകൽ രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇരുവെള്ളിപ്പറ- തെങ്ങേലി കരകളിലെ വീടുകളിൽനിന്നും മരങ്ങൾ ശേഖരിച്ച് ക്ഷേത്രപരിസരത്ത് വെയ്ക്കും. രാത്രി 9.30-ന് വിളക്കുവെച്ച് പുലവൃത്തത്തോടെ പടയണിക്ക് തുടക്കം കുറിക്കും. പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. ഗണപതി കോലത്തോടെ മുഖംമറച്ചുള്ള പാളക്കോലങ്ങളുടെ തുള്ളലിന് തുടക്കമാകും.
ആദ്യം ശിവകോലം കളത്തിലെത്തും. ഭൈരവിയും മായയക്ഷിയും കാലൻകോലങ്ങളും കളത്തിൽ തുള്ളും. രാത്രി രണ്ടിന് അടവിച്ചടങ്ങുകൾ ആരംഭിക്കും. വേലൻ പറകൊട്ടി അടവി വരവ് അറിയിക്കും. തുള്ളൽക്കാരും പടയണിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരും കുളിച്ച് ഈറനോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കും. തുടർന്ന് പള്ളിപ്പാന. കൈസ്ഥാനിയൻ 11 നാളികേരം ഉടച്ച് പള്ളിപ്പാന ചടങ്ങുകൾ പൂർത്തികരിക്കും. വ്രതം നോക്കിയ പടേനി കലാകാരൻമാർ ശരീരത്ത് ചൂരൽചുറ്റി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണംവെച്ച് ദേവിക്ക് നിണമൂട്ട് നടത്തുന്നതോടെ അടവി ചടങ്ങുകൾ സമാപിക്കും. ബുധനാഴ്ച രാത്രിയിൽ വെൺപാല കരക്കാരുടെ വലിയ ഇടപ്പടയണി നടന്നു.