കൊച്ചി: ഏറണാകുളം കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓണ്‍ലൈന്‍ ലോണെന്ന് സംശയം. മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്ത് കെണിയില്‍പ്പെട്ടെന്നാണ് സൂചന. ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
കടമക്കുടിയില്‍ ഇന്നലെയാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരുടെ മൃദഹേങ്ങളാണ് വീടിന് മുകളിലത്തെ മുറിയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു. ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല, ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.





























