കണ്ണൂര്‍ : കണ്ണൂരില്‍ രണ്ടാം ഊഴത്തിന് കടന്നപ്പളളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് എസിന് എല്‍.ഡി.എഫ് നല്‍കിയ ഏക സീറ്റില്‍ കടന്നപ്പളളിയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. കണ്ണൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എസ് സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ഏകകണ്ഠമായാണ് കടന്നപ്പളളിയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് തന്നെ കോണ്‍ഗ്രസ് എസിന് നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നിര്‍വ്വാഹക സമിതി യോഗം വിളിച്ച് ചേര്‍ത്തത്.
കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും ഒപ്പം മന്ത്രിയെന്ന നിലയിലുളള തന്‍റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാകുമെന്ന് കടന്നപ്പളളി പറഞ്ഞു. 1194 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടന്നപ്പളളി കണ്ണൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. സതീശന്‍ പാച്ചേനി തന്നെയാവും ഇത്തവണയും കടന്നപ്പളളിയുടെ എതിരാളി. അതുകൊണ്ട് തന്നെ ശക്തമായ മത്സരത്തിനാവും കണ്ണൂര്‍ ഇത്തവണയും സാക്ഷ്യം വഹിക്കുക.