കോന്നി : സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. എലിമുള്ളുംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വിദ്യാർത്ഥിനി നീതു, എലിമുള്ളുംപ്ലാക്കൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളായ വർഷ, അഞ്ചു, ആരോമൽ, ജസ്റ്റിൻ എന്നിവർക്കാണ് പരുക്കേറ്റത്.
എലിമുള്ളുംപ്ലാക്കലിൽ നിന്നും നാലുമണിയോടെ ക്ലാസ്സ് കഴിഞ്ഞ് തിരികെ മടങ്ങിയ ഇവരെ എലിമുള്ളുംപ്ലാക്കൽ ആവോലിക്കുഴി റോഡിലെ പഴയ പാറമടയുടെ സമീപത്ത് വെച്ച് കൂട്ടമായെത്തിയ കടന്നൽ ആക്രമിക്കുകയായിരുന്നു. ഇവർ ഓടി രക്ഷപെട്ട് കോളേജിൽ എത്തി വിവരം പറയുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.