കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതിയുടെ കണ്ടെത്തല്‍. കേസില്‍ വെള്ളിയാഴ്ച വിധി പറയും. കൊലപാതകം ജയന്‍ ആര്‍എസ്‌എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവെച്ചു.
കൊല്ലം കടവൂര്‍ ജംഗ്‌ഷന് സമീപം വെച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. സജീവ ആര്‍എസ്സ്‌എസ്സ് പ്രവര്‍ത്തകരായ ഒന്‍പത് പേരും കുറ്റക്കാരാണന്നാണ് കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയത്. എല്ലാവര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.
എന്നാല്‍ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ചയാള്‍ കള്ളസാക്ഷിയാണെന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസില്‍ വാദം കേട്ടത്.