കൊല്ലം: കൈകാലുകള്‍ ബന്ധിച്ചു ടിഎസ് കനാലിലൂടെ 10 കിലോമീറ്റര്‍ നീന്തി ഗിന്നസ് റെക്കോര്‍ഡ് കടന്ന് ഡോള്‍ഫിന്‍ രതീഷ്. ഇന്നു രാവിലെ പണിക്കര്‍ കടവില്‍ പാലത്തിന്റെ സമീപത്ത് നിന്നും അഴീക്കല്‍ വരെയാണ് നീന്തിയത്. രാവിലെ എട്ടേകാലോടെ ആരംഭിച്ച നീന്തല്‍ 2 മണിയോടടുപ്പിച്ച് പൂര്‍ത്തിയായി. പതിനൊന്ന് മണിയോടെ അമൃതസേതു പാലം പിന്നിട്ടു. നാട്ടുകാരും സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവരും രതീഷിന് ആശംസയുമായി എത്തിയിരുന്നു. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള രതീഷ് നേരത്തെ ഈ ഇനത്തില്‍ മത്സരിച്ച് ലിംക റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്നു.
സാഹസികതയെന്നത് ജനിതകപരമായി മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു ഘടകം തന്നെയാണ്. കീഴടങ്ങിയും സമരസപ്പെട്ടും പോരടിച്ചും അതിജീവിച്ചും ഇത്രത്തോളമെത്തിയ മനുഷ്യന്റെ സാഹസികമായ അഭിവാഞ്ച കേവലം വിനോദപരമായ ഒന്നായി കരുതാനാവില്ല. ആ സാഹസികത ഓരോമനുഷ്യരിലും അന്തര്‍ലീനമായിരിക്കുന്നു. പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്‍ അവയെ തരണം ചെയ്യാന്‍ നൈസര്‍ഗ്ഗികമായ ആ സാഹസികത അവനെ പ്രാപ്തനാക്കുന്നു. സാഹസിക വിനോദങ്ങളില്‍ ഭാഗഭാക്കാകാനും സാക്ഷിയാകാനും എല്ലാത്തരം മനുഷ്യരും ആഗ്രഹിക്കുന്നത് ജനിതകപരമായ ആ സ്വാധീനം ഒന്ന് കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെയാണ് സാഹസികമായ കായിക വിനോദങ്ങള്‍ ലോകത്തെമ്പാടും സാഹസിക കായികതാരങ്ങള്‍ കൊണ്ടാടപ്പെടുന്നതും. മറ്റുള്ള കായിക വിനോദങ്ങള്‍ പോലെയല്ല അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ്. കൂടുതല്‍ കായികക്ഷമതയും കൂടുതല്‍ പരിശീലനവും കൂടുതല്‍ അപകട സാധ്യതയും കൂടുതല്‍ സാമ്പത്തികവും ആവശ്യപ്പെടുന്നതാണ് അത്.
കേവലമായ വ്യക്തിപരിശീലനം കൊണ്ട് മാത്രം അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സില്‍ ഉന്നതങ്ങളില്‍ ഒരാള്‍ക്ക് എത്തിച്ചേരാനാകില്ല. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക നിയമസംവിധാനങ്ങളുടെയും സാമ്പത്തിക പിന്തുണ നല്‍കാന്‍ കഴിയുന്ന സ്‌പോണ്‍സര്‍മാരുടെയും കായികപ്രേമികളായ ജനങ്ങളുടെയും നിര്‍ലോഭമായ പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ ഒരു സാഹസിക കായിക താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകൂ. എന്നാല്‍ അതിനൊരപവാദമായി, എല്ലാത്തരം പ്രതിസന്ധികളോടും പൊരുതി കൈയ്യും കാലും കെട്ടിയുള്ള സാഹസിക നീന്തലില്‍ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി കായികതാരമാണ് ഡോള്‍ഫിന്‍ രതീഷ് എന്നറിയപ്പെടുന്ന രതീഷ്.
കേരളത്തില്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാടെന്ന തീരദേശ ഗ്രാമത്തില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഡോള്‍ഫിന്‍ രതീഷ്, തന്റെ പൂര്‍വികരെ പോലെ ലോകത്തിലെ ഏറ്റവും സാഹസിക ഉപജീവനത്തില്‍ നിന്നാര്‍ജ്ജിച്ച ധൈര്യത്തില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. നീന്തലിനോടുള്ള താല്പര്യവും സാഹസികതയോടുള്ള അഭിവാഞ്ചയും നീന്തലില്‍ തന്നെ വ്യത്യസ്തത തേടാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് കൈ-കാല്‍ കെട്ടി നീന്താന്‍ ആരംഭിച്ചത്. ഒരു അക്കാദമിയുടെയും സഹായമില്ലാതെ ആലപ്പാടിന്റെ പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്ന അറബിക്കടലിലും കിഴക്ക്‌വശം സ്ഥിതി ചെയ്യുന്ന ടി.എസ് കനാലിലും നീന്തിപഠിച്ചതിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും അറബി കടലില്‍ കൈയ്യും കാലും കെട്ടി നീന്തി 2008 വര്‍ഷം ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ സ്ഥാനം നേടുകയും തുടര്‍ന്ന് രണ്ടാം വര്‍ഷം തന്റെ തന്നെ റിക്കോര്‍ഡ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ പത്ത് വര്‍ഷമായി കൊല്ലം ബീച്ചില്‍ ലൈഫ് ഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുന്ന
ഡോള്‍ഫിന്‍ രതീഷിന്, നീന്തലിലുള്ള തന്റെ പ്രാഗത്ഭ്യം കടലിലകപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകകരമായിട്ടുണ്ട്. ഡോള്‍ഫിന്‍ രതീഷിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് തിരിച്ച് വന്നവരില്‍ നിരവധി വിദേശികളും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ സേവന സന്നദ്ധതയും ജോലിയോടുള്ള ആത്മാര്‍ഥതയും കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടൂറിസം അവാര്‍ഡായ ‘ബെസ്റ്റ് ലൈഫ് ഗാര്‍ഡ്’ അവാര്‍ഡ് 2012 ല്‍ ലഭിക്കുകയുണ്ടായി.
അതിരാവിലെ തുടങ്ങുന്ന അതികഠിനമായ പരിശീലനവും ദിവസേനയുള്ള 20 മുതല്‍ 30 കിലോമീറ്റര്‍ വരെയുള്ള നീന്തലുമാണ് രതീഷിനെ ലോകത്തിലെ തന്നെ സവിശേഷമായ ഇത്തരം ഒരു നീന്തല്‍ രീതിയില്‍ പ്രാപ്തനാക്കുന്നത്. കൈയ്യും കാലും കെട്ടി ഇംഗ്ലീഷ് ചാനല്‍ നീന്തുകയെന്ന തന്റെ ലക്ഷ്യത്തിന് വേണ്ടിയാണ് രതീഷ് നിലവില്‍ കഠിന പരിശീലനം തുടരുന്നത്. നീന്തലിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെല്ലാം ഉപരിയായി സാഹസികമായ ഈയൊരു നീന്തല്‍ രീതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അപകടം തന്നെയാണ് അതിനെ ഏറെ വ്യത്യസ്തമാക്കുന്നത്. സാധാരണ നീന്തല്‍ രീതികള്‍ക്കും നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്നും നീന്തലില്‍ ഉന്നത വിജയങ്ങള്‍ നേടിയ അന്താരാഷ്ട്ര നീന്തല്‍ താരങ്ങളുമായും മറ്റും രതീഷിനെയും അദ്ദേഹത്തിന്റെ നീന്തലിനെയും താരതമ്യം ചെയ്യാനാവില്ല. മൈക്കള്‍ ഫെല്‍പ്‌സ്‌നെ പോലെയോ റയാന്‍ ലോച്ചേയെ പോലെയോ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍ അനന്യസാധാരണമായ തന്റെ നീന്തല്‍ രംഗത്ത് പൂര്‍വസൂരികളുടെ മാതൃകയില്ലാതെ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചു നിലകൊള്ളാന്‍ തന്നെയാകും രതീഷിനും താല്‍പ്പര്യം.
നീന്തലിലെ വന്യമായ സ്വാതന്ത്ര്യവും സൗന്ദര്യവുമാണ് രതീഷിന്റെ ഓരോ പ്രകടനവും. കായലെന്നോ കടലെന്നോ വ്യത്യാസമില്ലാതെ ആ വന്യതയെ ആസ്വദിച്ചു കൊണ്ടും ആ സാഹസികതയുടെ ലഹരി കാഴ്ചക്കാര്‍ക്ക് നല്‍കിക്കൊണ്ടുമാണ് അയാള്‍ തന്റെ പ്രകടനങ്ങള്‍ നടത്തുന്നത്. ഒരു സുപ്രഭാതത്തില്‍ നീന്തല്‍ താരമായി മാറിയ ആളല്ല രതീഷ്. ഓര്‍മ വെച്ച നാള്‍ മുതല്‍ കായലും കടലും അതിരിട്ട തന്റെ ഗ്രാമത്തിലെ ജലാശയങ്ങളിലും മറ്റും കളിച്ചു വളര്‍ന്ന രതീഷിന്,മുതിര്‍ന്ന സഹോദരന്മാരും അയല്‍പക്കത്തെ ചേട്ടന്മാരും കായലിലും മറ്റും നീന്തി രസിക്കുന്നത് കണ്ട് നീന്തലിലോട് ഭ്രാന്തമായ അഭിനിവേശം തോന്നുകയും വളരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലില്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. അയാള്‍ നീന്തലില്‍ സാധ്യമായ മെഴ്വഴക്കത്തോടെ അഭ്യാസങ്ങള്‍ ചെയ്ത് വരവെയാണ്,കടലില്‍ ഡോള്‍ഫിന്‍ നീന്തുന്നത് നിരീക്ഷിക്കുന്നതും ആ രീതിയോട് താല്‍പ്പര്യം തോന്നുന്നതും. ഡോള്‍ഫിന്റെ നീന്തല്‍ മാതൃകയില്‍ നീന്തുന്നതിന് സ്വതന്ത്രമായ കൈകാലുകള്‍ തടസ്സമാണെന്ന് അയാള്‍ മനസ്സിലാക്കി. അങ്ങനെയാണ് കൈകാലുകള്‍ കെട്ടി ഡോള്‍ഫിനെ പോലെ നീന്താന്‍ തുടങ്ങിയത്.അതിന് ശേഷമാണ് രതീഷിനെ ഡോള്‍ഫിന്‍ എന്ന പേര് ചേര്‍ത്ത് വിളിച്ച് തുടങ്ങിയത്.
കൈ-കാല്‍ കെട്ടിയുള്ള നീന്തലില്‍ സ്വയം പരിശീലനം തുടര്‍ന്ന രതീഷ്, 2002 വര്‍ഷം തന്റെ ആദ്യ പൊതു പരിപാടി സംഘടിപ്പിച്ചു. കൊല്ലത്ത് 50 അടി ഉയരമുള്ള നീണ്ടകര പാലത്തില്‍ നിന്നും അഷ്ടമുടി അഴിമുഖത്ത് ചാടി തുടര്‍ന്ന് 500 മീറ്റര്‍ ദൂരം കൈയ്യും കാലും കെട്ടി നീന്തി പൊതുജന ശ്രദ്ധ ആകര്‍ഷിച്ചു. അനന്തരം കേരളത്തിലങ്ങിങ്ങോളം വിവിധ നദികളിലും കായലുകളിലും കടലിലും തന്റെ സാഹസിക പ്രകടനം വിജയകരമായി നടത്തുകയും കേരളത്തില്‍ വലിയ തോതില്‍ അറിയപ്പെടുകയും ചെയ്തു. ഓരോ പ്രകടനവും സാമൂഹ്യ പ്രതിബദ്ധത യുള്ള ഓരോ വിഷയങ്ങളുടെ പ്രചാരണാധിഷ്ഠിതമായിരുന്നു എന്നുള്ളതാണ് അതിനെ പ്രസക്തവുമാക്കുന്നത്. തുടര്‍ന്ന് കേരളത്തില്‍ അങ്ങിങ്ങോളം വ്യത്യസ്തതരം സാഹസിക പ്രകടനങ്ങള്‍ രതീഷ് കാഴ്ച വെക്കുകയുണ്ടായി.
2003 ല്‍ ശരീരം മുഴുവന്‍ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി കെട്ടി വരിഞ്ഞ് അഷ്ടമുടി കായലില്‍ ഒരു കിലോമീറ്റര്‍ നീന്തി ശ്രദ്ധ നേടി.
അകാലത്തില്‍ പൊലിഞ്ഞു പോയ സാഹസിക നീന്തല്‍ താരം ശ്യാം. എസ്. പ്രബോധിയോടുള്ള ആദര സൂചകമായി 2004-ല്‍ തെക്കുംഭാഗം പള്ളിക്കോടി മുതല്‍ നീണ്ടകര പാലം വരെ കൈയ്യും കാലും ബന്ധിച്ച് ഒരു കിലോമീറ്റര്‍ നീന്തി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
2004-ലേ സുനാമി ദുരന്തത്തില്‍ മരിച്ചവരോടുള്ള ശ്രദ്ധാഞ്ജലിയായി 2005-ല്‍ അഴീക്കല്‍ സുനാമി സ്മൃതി മണ്ഡപത്തില്‍ നിന്നും അഴീക്കല്‍ ബീച്ച് വരെ കടലില്‍ കൈയ്യും കാലും ബന്ധിച്ച് നീന്തി ജനശ്രദ്ധയാകര്‍ഷിച്ചു.
2006 ഏപ്രില്‍ 30-ന് ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ നിന്നും അമ്ബലക്കടവ് വരെ 2 കിലോമീറ്റര്‍ കൈയ്യും കാലും ബന്ധിച്ച് നീന്തി.
2007-ല്‍ കൈകാലുകള്‍ കെട്ടി എറണാകുളം പള്ളുരുത്തി റെയില്‍വേ ബ്രിഡ്ജില്‍ നിന്നും ചാടുകയും കിലോമീറ്ററുകള്‍ നീന്തുകയും ചെയ്തു.
2008-ല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സുനാമി ബാധിത മേഖലയില്‍ നിന്നും 50 കുട്ടികളെ തെരഞ്ഞെടുകയും അവരെ നീന്തല്‍ പഠിപ്പിക്കുന്നതിലേക്കായി ക്യാമ്ബ് സംഘടിപ്പിക്കുകയും ചെയ്തു. അതെ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തി കൈകാലുകള്‍ ബന്ധിച്ച് കടലില്‍ നീന്തുകയും വ്യാപകമായ പ്രശംസ നേടുകയും ചെയ്തു. പ്രസ്തുത പ്രകടനം 2009-ലെ ലിംക ബുക്ക് ഓഫ് റിക്കോഡ്സില്‍ സ്ഥാനം നേടുന്നതിന് ഇടയാക്കുകയും ചെയ്തു.
2009-ല്‍ കൈകാലുകള്‍ ബന്ധിച്ച് തങ്കശ്ശേരി കടലിടുക്കില്‍ നിന്നും കൊല്ലം ബീച്ച് വരെ 1.5 വരെ നീന്തി 2010-ലെ ലിംക ബുക്ക് ഓഫ് റിക്കോഡ്സില്‍ രണ്ടാം തവണയും സ്ഥാനം നേടുകയുണ്ടായി.
2009 മെയ് 1-ന് ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളി ദിനത്തിന്റെ മാഹാത്മ്യം വിളംബരം ചെയ്ത് കൊണ്ട്, കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരം നീന്തി വാര്‍ത്തകളില്‍ ഇടം പിടിച്ചു.
2012 സെപ്തംബര്‍ 21-ല്‍ ലോക സമാധാന ദിനത്തില്‍ സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ട് കൊല്ലം ബീച്ചില്‍ തീരത്ത് നിന്നും അകലെ കൈയ്യും കാലും കെട്ടി 45 മിനിറ്റുകള്‍ കൊണ്ട് 3.5 കിലോമീറ്റര്‍ നീന്തി റെക്കോര്‍ഡ് സ്ഥാപിക്കുകയും മൂന്നാം വട്ടവും ലിംക ബുക്ക് ഓഫ് റിക്കോഡ്സില്‍ സ്ഥാനം നേടുകയും ചെയ്തു.മൂന്ന് വട്ടം ലിംക ബുക്ക് ഓഫ് റിക്കോഡ്സില്‍ സ്ഥാനം നേടിയ ഏക കേരളീയനാണ് ഡോള്‍ഫിന്‍ രതീഷ്.
ആലപ്പാട് പഞ്ചായത്തില്‍ അര നൂണ്ടാണ്ടായി നടക്കുന്ന അശാസ്ത്രീയ മണല്‍ഖനനത്തിനെതിരായി ‘സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് ‘ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് 2018 ഡിസംബര്‍ 27-ന് പണിക്കര്‍ കടവ് പാലത്തില്‍ നിന്നും ആയിരംതെങ്ങ് പാലം വരെ കൈകാലുകള്‍ ബന്ധിച്ച് 10 കിലോമീറ്റര്‍ നീന്തി അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കോഡ്സില്‍ സ്ഥാനം നേടി.
കേരളത്തിലും കേരളത്തിന് പുറത്തും നിരവധി ചെറുതും വലുതുമായ സാഹസിക പ്രകടനങ്ങള്‍ നടത്തി വ്യത്യസ്തമായ പല ഇന്ത്യന്‍ റിക്കോര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുള്ള രതീഷിന്റെ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് ചാനല്‍ കൈകാലുകള്‍ കെട്ടി നീന്തുകയെന്നതാണ്. അന്താരാഷ്ട്ര ഫ്രീസ്‌റ്റൈല്‍ നീന്തല്‍കാര്‍ പലരും ഇംഗ്ലീഷ് ചാനല്‍ നീന്തി കടന്നിട്ടുണ്ടെങ്കിലും കൈകാലുകള്‍ ബന്ധിച്ചു ഒരാള്‍ ഇംഗ്ലീഷ് ചാനല്‍ നീന്തുന്നത് ലോകത്ത് തന്നെ ഇത് ആദ്യമായിട്ടായിരിക്കും. ഇംഗ്ലീഷ് ചാനല്‍ അഥവാ ചാനല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. ഇത് ബ്രിട്ടനെയും ഫ്രാന്‍സിനെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇതിന് 560 കി.മി. നീളവും 240 കി.മി. മുതല്‍ 34 കി.മി. വരെ വീതിയും ഉണ്ട്. ഇംഗ്ലീഷ് ചാനല്‍ നീന്തുകയെന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്.ഏറ്റവും പ്രതിബന്ധം അതി കഠിനമായ തണുപ്പ് തന്നെയാണ്. നിരവധി മാസങ്ങള്‍ കഠിന പരിശ്രമത്തിലൂടെ ആ തണുപ്പുമായി പൊരുത്തപ്പെട്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് ഇംഗ്ലീഷ് ചാനല്‍ നീന്താന്‍ കഴിയുകയുള്ളു. അടുത്ത പ്രതിസന്ധി ഇതിന് വേണ്ടി വരുന്ന അതിഭീമമായ ചിലവാണ്. അത് കണ്ടെത്തുകയെന്നതാണ് രതീഷിന് മുന്നിലെ പ്രധാന വെല്ലുവിളി. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റ് സംഘടനകളും സഹായിച്ചെങ്കില്‍ മാത്രമേ രതീഷിന് തന്റെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളു.
ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ കാരണമായേക്കാവുന്ന ഈ സാഹസികോദ്യമം മറ്റൊരു തരത്തില്‍ പ്രസക്തമാകുന്നത് ഇതിലൂടെ മുന്നോട്ട് വെക്കുന്ന സന്ദേശമാണ്. കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ഉദ്യമം. കടലിലേയും അനവധി ജീവജാലങ്ങളുടെ നിലനില്‍പ്പിനെ അവ ഇല്ലാതാക്കുന്നു. കടലിലെ പ്ലാങ്ക്ടണുകളെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്ലാങ്ക്ടണുകളെ ഭക്ഷിച്ചു ജീവിക്കുന്ന വലിയ ജീവികള്‍ നാമാവശേഷമാകുന്നതിന് കാരണമാകുന്നു. പസഫിക് സമുദ്രത്തില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ ഒരു പ്ലാസ്റ്റിക് സൂപ്പിനോടാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ രണ്ടിരട്ടിയോളമെങ്കിലും വലിപ്പം ഈ പ്ലാസ്റ്റിക് സൂപ്പിനുണ്ടാകുമെന്ന്പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത് പോലെ ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ബ്രിട്ടന്റെ പിറ്റ്‌കെയ്ന്‍ ദ്വീപുകളുടെ ഭാഗമായ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹെന്‍ഡേഴ്‌സണ്‍ ദ്വീപിനാണ് ഈ ദുര്‍ഗതി. വളരെ സവിശേഷവും അപൂര്‍വ്വവുമായ ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന ഇടമാണിത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂട്ടം ആണ് ദി ഇന്ത്യന്‍ ഓഷ്യന്‍ ഗാര്‍ബേജ് പാച്ച്. ഇന്ന് ലോകത്തില്‍ സമുദ്രങ്ങളാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാകുന്നത്. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് ചാനല്‍ നീന്തുന്നതിനുള്ള രതീഷിന്റെ സാഹസിക സംരംഭം നടത്തുകയെന്നത് ഓരോ പ്രകൃതി സ്‌നേഹികളുടെയും കടമയാകുന്നു. സാഹസിക നീന്തലില്‍ കേരളത്തിന്റെയും ഭാരതത്തിന്റെയും അഭിമാനം ഉയര്‍ത്തുന്ന വിധം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന നീന്തല്‍ താരമാണ് ഡോള്‍ഫിന്‍ രതീഷ്.