തിരുവനന്തപുരം : പാർട്ടി ചാനലിന്റെ റേറ്റിംങ്ങ് ഉയരാൻ ഒടുവിൽ പാർട്ടി തന്നെ ഇടപെട്ടു. സ്വർണക്കടത്തിൽ പ്രതിരോധത്തിലാവുകയും കോവിഡിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത സംസ്‌ഥാന സർക്കാരിനെ സഹായിക്കാൻ കൈരളി ന്യുസിന് ഇതുവരെ ഒന്നും സാധിച്ചിട്ടില്ല . ഈ സാഹചര്യത്തിലാണ് പാർട്ടി ചാനലിനെ ഉയർത്തി എടുക്കാൻ വേണ്ടി സി പി ഐ (എം ) തന്നെ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
എഡിറ്റോറിയല്‍ തലപ്പത്താണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്. ചാനലിന്റെ ഇപ്പോഴുള്ള എക്‌സിക്യുട്ടീവ് എഡിറ്ററായ എം രാജീവ് തൽ സ്ഥാനത്ത് നിന്ന് രാജി വെച്ചു. പകരം ന്യൂസ് 18 ചാനല്‍ വിട്ട് കൈരളിയിലെത്തുന്ന ശരത് ചന്ദ്രന്‍ ആണ് പുതിയ എക്‌സിക്യുട്ടീവ് എഡിറ്റര്‍.
റിലയന്‍സിന്റെ നെറ്റ്‌വര്‍ക്ക് 18ന്റെ കീഴിലുള്ള ന്യൂസ് 18 കേരളത്തിലെ അസോസിയേറ്റ് എഡിറ്ററായിരുന്ന ശരത് ചന്ദ്രന്‍ കഴിഞ്ഞ മാസം ന്യൂസ് 18 ചാനലില്‍ നിന്ന് രാജിവെച്ചിരുന്നു. ശരത് ചന്ദ്രന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ കൈരളിയിൽ എക്‌സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റെടുക്കും. നേരത്തെ കൈരളിയില്‍ അവതാരകനായിരുന്നു ശരത് ചന്ദ്രൻ .
മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ സിപിഐഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്രീകരിച്ച് ഏകപക്ഷീയമായി വാര്‍ത്തകളും സംവാദങ്ങളും നടത്തുകയാണെന്നും പാര്‍ട്ടി തലത്തില്‍ ഇതിന് പ്രതിരോധമുണ്ടാകണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിരുന്നു.
ഫേസ് ബുക്കും യൂട്യൂബും ഉള്‍പ്പെടെ നവമാധ്യമങ്ങളെ പ്രചരണത്തിനും പ്രതിരോധത്തിനുമായി കാര്യമായി ഉപയോഗിക്കണമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കൈരളി ന്യൂസും മുഖപത്രം ദേശാഭിമാനിയും പൊതുസ്വീകാര്യത വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈരളി ചാനലിലെ മാറ്റം എന്നാണ് പുറത്തു വരുന്ന വിവരം.