കോന്നി : ഗവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രുചികരമായ ഭക്ഷണം ഒരുക്കിക്കൊണ്ട് വനംവകുപ്പിന്റെ കക്കി ഡി കഫെ പ്രവർത്തനം ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. റാന്നി വനം വികസന ഏജൻസിയുടെ നേതൃത്വത്തിൽ ഗവിയിൽ എത്തുന്ന സഞ്ചാരികൾക്കായി കക്കി ഫോറസ്റ്റ് സ്റ്റേഷന് സമീപം 40 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ഡാമിന്റെ സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാം എന്നതും പ്രത്യേകതയാണ്. ഗവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ആങ്ങമൂഴിയിൽ നിന്നും ഗവിയിൽ എത്തുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നത്.
വിനോദസഞ്ചാരികൾ ഗവിയിൽ എത്തുമ്പോഴേക്കും സമയം വൈകുന്നേരം ആകാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം കക്കി ഫോറസ്റ്റ് സ്റ്റേഷന് സമീപം ഡാമിന്റെ എതിർവശത്ത് പുതിയ ഭക്ഷണശാല ആരംഭിക്കുന്നത്. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ഇവിടെ ലഭിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. റാന്നി ഡി എഫ് ഒ പി കെ ജയകുമാർ ശർമ്മ ഐ എഫ് എസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ് സുജ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീനാ മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് അംഗം ഗംഗമ്മ മുനിയാണ്ടി, റാന്നി എ സി എഫ് ജിയാസ് ജമാലുദ്ദീൻ ലബ്ബ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ബി ആർ ജയൻ, ശശീന്ദ്രകുമാർ, എ അശോക്, വനം വികസന ഏജൻസി കോഡിനേറ്റർ കെ സുരേഷ് ബാബു, വന സംരക്ഷണ സമിതി പ്രസിഡന്റുമാരായ രാധാകൃഷ്ണപിള്ള രാജേഷ് എന്നിവർ സംസാരിച്ചു.