കൊച്ചി : കാക്കനാട് ലഹരിമരുന്ന് കേസിൽ അന്വേഷണ സംഘം വിട്ടയച്ച യുവതിയെ പ്രതിചേർക്കാൻ തീരുമാനിച്ച് എക്സൈസ്. കേസ് അന്വേഷണം പോണ്ടിച്ചേരി, ഗോവ, ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യപിപ്പിച്ചു. കൊവിഡ് കാലത്തും പ്രതികൾ ഡിജെ ലഹരി പാർട്ടികൾ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികൾ ലഹരി ഡിജെ പാർട്ടികൾ നടത്തിയത്. പത്ത് പേരിൽ താഴെ മാത്രം പങ്കെടുത്ത ചെറു ലഹരി പാർട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതി പ്രതികൾക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകിയിരുന്നു.