കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡില്‍ പങ്കെടുത്ത സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. മയക്കുമരുന്നിനെക്കുറിച്ച് എവിടെനിന്ന് വിവരം ലഭിച്ചു, റെയ്ഡ് നടത്തിയ സമയത്ത് പ്രതികളുടെ പ്രതികരണം, എന്തെല്ലാം വസ്തുക്കള്‍ പിടിച്ചെടുത്തു എന്നീ കാര്യങ്ങള്‍ അറിയുന്നതിനായിരുന്നു കൂടിക്കാഴ്ച.
പ്രതികള്‍ അരൂര്‍, കുമ്പളം, നെട്ടൂര്‍, പനങ്ങാട് എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ അവിടെ പരിശോധന നടത്തി. ആര്‍ക്കെല്ലാം മയക്കുമരുന്ന് വിതരണം ചെയ്‌തെന്ന് കണ്ടെത്തുന്നതിനാണിത്. ലഹരിക്കടത്തിന്റെ ആസൂത്രകനായി അന്വേഷണം ഊര്‍ജിതമാക്കി. രാജാവെന്ന പേരിലറിയപ്പെടുന്ന വയനാട് സ്വദേശി ജിതിനെ പരിചയമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലൂടെ രാജാവിലേക്ക് എത്തുകയാണ് ഉദ്ദേശ്യം.
നിലവില്‍ പ്രതികളുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്ന് ജിതിന്റെ ഒരു നമ്പര്‍ കണ്ടെത്തിയെങ്കിലും നിലവില്‍ സ്വിച്ച് ഓഫാണ്. സ്വിച്ച് ഓഫാകും മുമ്പേ ഫോണ്‍ അവസാനമായി ഉപയോഗിച്ചിരിക്കുന്നത് ഗോവയില്‍ നിന്നാണ്. ഇത് അന്വേഷണം വഴി തെറ്റിക്കാനാണെന്നാണ് അന്വേഷണസംഘം കരുതുന്നത്.