റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെടുന്ന കക്കുടുമൺ വാഴക്കാലമുക്ക് റോഡിനു ശാപമോക്ഷം. കക്കുടുമണ്ണില്‍ നിന്നും റിസർവ് വനത്തിലൂടെ വാഴക്കാലമുക്കു വഴി പൊന്നമ്പാറയിലേക്കുള്ള റോഡ് കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു. തകർന്നു കിടന്ന റോഡ് ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് ടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കിയത്. റോഡിലെ ടാറിംഗ് പൂർണമായും ഇളകിപ്പോയ അവസ്ഥയിൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡിന്റെ ഒരുവശം കരികുളം സംരക്ഷിത വനവും മറുവശം ജനവാസ മേഖലയുമാണ്.
ഇടമുറി, പൊന്നമ്പാറ എന്നിവിടങ്ങളിൽ നിന്ന് റാന്നിക്ക് പോകുന്നതിനുള്ള എളുപ്പ വഴികൂടിയാണിത്. ബസ് കയറാനും മറ്റും കക്കുടുമണ്ണിലേക്ക് നടന്നാണ് ആളുകൾ വരുന്നത്. സന്ധ്യകഴിഞ്ഞാൽ കാൽനട യാത്രപോലും ബുദ്ധിമുട്ടായിരുന്നു. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി വഴിവിളക്കുകളൂടെ സ്ഥാപിച്ചതോടെ കാലങ്ങളായുള്ള ജനങ്ങളുടെ വെളിച്ചമില്ലെന്നുള്ള പരാതിക്ക് അറുതിയായിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നതിന് പരിഹാരമില്ലായിരുന്നു. ഇതോടെ റോഡിന്‍റെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തു പന്ത്രണ്ട് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് റോഡ് പുനരുദ്ധരിച്ചത്.