കാലടി : വിവാദങ്ങൾ തുടരുന്നതിനിടെ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തര പേപ്പറുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്.
എംഎ സംസ്കൃതം, സാഹിത്യ വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സര്‍വ്വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടിയത്. സംഭവത്തിൽ സസ്പെൻഷനിലായ മൂല്യ നിർണ്ണയ സമിതി ചെയർമാനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന റിലേ സമരം തുടങ്ങിയിരുന്നു.
സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 ഉത്തര പേപ്പറുകളാണ് എവിടെയാണെന്ന് വിശദീകരിക്കാനാകാതെ അധികൃതർ ഇത്രയും കാലം ഇരുട്ടിൽ തപ്പിയത്. ആശങ്കയോടെ വൈസ് ചാൻസിലറെ കാണാനെത്തിയ വിദ്യാർത്ഥികളോട് മിണ്ടാൻപോലും ആരും തയ്യാറായിരുന്നില്ല. സർവ്വകലാശാലയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷപോയ വിദ്യാർത്ഥികൾ പ്രശ്നം ഗവർണറുടെ ശ്രദ്ധയിലെത്തിച്ചിരുന്നു.
ഉത്തര പേപ്പറുകൾ മൂല്യ നിർണ്ണയത്തിന് ശേഷം തിരിച്ചെൽപ്പിച്ചെന്നാണ് ചെയർമാൻ കെ.എ സംഗമേശൻ വ്യക്തമാക്കുന്നത്. കിട്ടിയില്ലെന്ന് വകുപ്പ് മേധാവി കെ.ആർ അംബിക പറയുന്നു. സംഭവത്തിൽ കെ.എ സംഗമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തിരികെ ഏൽപ്പിച്ച പേപ്പർ മോഷണം പോയതിന് ചെയർമാനെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ഇടത് അധ്യാപക സംഘടനയായ അസ്യൂട്ട് രംഗത്ത് വന്നത്.
നാക് അക്രഡിറ്റേഷൻ എ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റാനുള്ള നടപടികൾ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ് സർവ്വകലാശാലയ്ക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. ഇത് തുടർനടപടികളെ ബാധിക്കുമോ എന്ന ആശങ്കയും അധ്യാപകർ ഉയർത്തുന്നുണ്ട്.