കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ പാടത്ത് വനാതിർത്തിയിൽ നിന്നും 4 കിലോമീറ്റർ അകലെ വനത്തിനുള്ളിൽ ഞണ്ടുതോട്ടിൽ നിർമ്മിക്കുന്ന ജില്ലയിലെ ആദ്യ മൺ തടയണയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എ നേരിട്ടെത്തി കണ്ടു. നടുവത്തുമൂഴി റെയിഞ്ചിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. വന്യ ജീവികൾ കുടിവെള്ളം തേടി ജനവാസ മേഖലകളിൽ ഇറങ്ങുന്നതും വന്യ ജീവി അക്രമണങ്ങൾ ഉണ്ടാകുന്നതും തടയുന്നതിനു വേണ്ടി ജില്ലയിൽ ആദ്യമായി വനത്തിനുള്ളിൽ നിർമ്മിക്കുന്ന മൺതടയണ സംസ്ഥാനത്ത് തന്നെ രണ്ടാമത്തേതാണ്. കലഞ്ഞൂർ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി 1582 തൊഴിൽ ദിനങ്ങൾ കൊണ്ട് പൂർത്തിയാകും.
22 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും 3 മീറ്റർ പൊക്കത്തിലും നിർമ്മിക്കുന്ന തടയണയുടെ വശങ്ങൾ കയർ ഭൂവസ്ത്രമുപയോഗിച്ച് ബലപ്പെടുത്തും. മണ്ണും ജലവും സംരക്ഷിക്കാൻ കഴിയുന്ന ഈ പദ്ധതിയിലൂടെ വന്യ ജീവി സംരക്ഷണവും ഉറപ്പുവരുത്താൻ കഴിയും. വന്യ ജീവി അക്രമണങ്ങൾ തടയാൻ ഈ പദ്ധതി വളരെയധികം സഹായകമാവുമെന്ന് എം.എൽ.എ പറഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിന്റെ ഈ മാതൃകാപദ്ധതി വനാതിർത്തി പങ്കിടുന്ന ഇതര പഞ്ചായത്തുകളും ഏറ്റെടുക്കാൻ തയ്യാറാകണം. ഇതിനായി വനം വകുപ്പും മുൻകൈ എടുക്കണമെന്ന് എം.എൽ.എ നിർദ്ദേശം നലകി. മാതൃകാപദ്ധതിയ്ക്കായി പ്രവർത്തിക്കുന്ന വനിതകളെ എം.എൽ.എ അഭിനന്ദിച്ചു.
കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സജീവ് റാവുത്തർ, പാടം രാജു, നിരത്തുപാറ, ഷാൻ ഹുസ്സയിൻ, നിരത്തുപാറ മോഹൻ, ഇസ്മായിൽ, സോനു പാലമല, സതീശൻ പാലമല, തൊഴിലുറപ്പ് പദ്ധതി അസി. എഞ്ചിനീയർ സിന്ധു മോൾ, ഓവരര്‍സീയർമാരായ വിഷ്ണു തമ്പി, അഭിജിത്ത് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.