കലഞ്ഞൂർ : കലഞ്ഞുർ ഇടത്തറ ജംഗ്ഷൻ മുതൽ കൂടൽ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം വഴിയാത്രക്കാരുടെ പേടിസ്വപ്നമായി മാറുന്നു . പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലങ്ങളെല്ലാം കാടായി മാറി റോഡിലേക്ക് വളർന്നിരിക്കുകയാണ്. റോഡിന്റെ ടാറിങ് സ്ഥലം വരെയാണ് കാട് വളർന്നു നിൽക്കുന്നത്.
ചിലർ പൊതുസ്ഥലം കൈയേറി റോഡരികിൽ വാഴ ഉൾപ്പടെയുള്ള കൃഷികളും ചെയ്തിട്ടുണ്ട് . ഇതിനിടയിൽ പാമ്പുകൾ റോഡിലേക്കിറങ്ങുന്നതും വഴിയാത്രക്കാരേയും പ്രദേശവാസികളെയും ഒരു പോലെ ഭയപ്പെടുത്തിയിരിക്കുകയാണ്.
വർഷങ്ങളായി ഈ ഭാഗം വൃത്തിയാക്കിയിട്ട്. മുൻപ് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് ഈ ഭാഗത്ത് ശുചീകരണം നടത്തുമായിരുന്നു. ഇപ്പോൾ അതും നിലച്ചു. റോഡിലെ വാഹന യാത്രകാർക്കുള്ള ബോർഡുകളെല്ലാം കാട് കയറി കിടക്കുകയാണ്. ഇത് ഈ പ്രദേശത്ത് അപകടസാധ്യത വര്‍ധിപ്പിക്കും.