കലഞ്ഞൂർ : കലഞ്ഞൂർ-പാടം റോഡ് പണി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇടപെട്ടിട്ടും മേല്ലപ്പോക്കില്‍ റോഡ് നിര്‍മാണം. അമ്പത്തിയൊന്ന് മാസങ്ങളായി റോഡ് നിർമാണം നടക്കുന്നു. ഇങ്ങനെ പോയാല്‍ ഈ റോഡ് പണി പൂർത്തിയാക്കുന്നത് 2023-ലോ 2024-ലോ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. 12.47 കിലോമീറ്റർ റോഡിലെ നിർമാണ പ്രവർത്തനങ്ങൾ കണ്ട് സഹികെട്ടിട്ടുള്ള ആളുകളുടെ അഭിപ്രായവുമാണിത്.
ഒക്ടോബർ 19-ന് കലഞ്ഞൂർ-പാടം റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജില്ലാ കളക്ടർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം സന്ദർശിച്ചതാണ്. 2018-ലാണ് കെ.പി.റോഡിലെ ഇളമണ്ണൂർ ഇരുപത്തിമൂന്നിൽ നിന്നും ആരംഭിച്ച് കലഞ്ഞൂർ വഴി പാടത്തെത്തുന്ന റോഡ് നിർമാണം ആരംഭിച്ചത്. ഇതിനിടയിൽ റോഡ് നിർമാണത്തിലെ പോരായ്മകൾ കണ്ട് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തതാണ്.
റോഡിലെ യാത്രാദുരിതം കാരണം നാട്ടുകാരുടെ ശക്തമായ അവശ്യത്തെ തുടർന്ന് ജില്ലയിലെ റോഡുകൾ പരിശോധിക്കാൻ മന്ത്രിയും സംഘവും ഇവിടെയുമെത്തിയതുമാണ്. ഡിസംബർ 31-ന് മുൻപ് നിർമാണം പൂർത്തിയാക്കുമെന്നാണ് മന്ത്രി പറഞ്ഞതാണ്. പക്ഷെ റോഡ് നിര്‍മാണം വേണ്ട രീതിയില്‍ സമയത്ത് ചെയ്തു തീര്‍ക്കുന്നില്ല. ജോലിക്കാരെ കൂടുതലായി നിയോഗിച്ച് റോഡ് നിർമാണ പ്രവർത്തനത്തിൽ വേഗതയുണ്ടാക്കണമെന്നാവശ്യവും കരാറുകാരൻ കൈക്കൊണ്ടിട്ടില്ല.
മന്ത്രി അന്ന് പറഞ്ഞത് :
റോഡ് നിർമ്മാണം 2022 ഡിസംബർ 31-നകം പൂർത്തിയാക്കും. റോഡിന്‍റെ നിർമാണ പുരോഗതികൾ പൊതുമരാമത്ത് ചീഫ് എൻജിനീയറും ജില്ലാ കളക്ടറും നേരിട്ട് മേൽനോട്ടം വഹിക്കും. കെ.എസ്.ഇ.ബി, ജലഅതോറിറ്റി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പ്രഖ്യാപിച്ച തീയതികൾ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പാണ്. തീരുമാനിച്ച കാര്യം എവിടെയെങ്കിലും ലംഘിക്കപ്പെട്ടാൽ അത് പരിശോധിക്കും