കോന്നി : കാട് കയറി നാശോന്മുഖമായ ഒരു പഞ്ചായത്ത് സ്റ്റേഡിയം ഉണ്ട് പത്തനംതിട്ട ജില്ലയിൽ. അതാണ് കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ മിനി സ്റ്റേഡിയം.ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ കലഞ്ഞൂരിൽ രണ്ട് പതിറ്റാണ്ടുകൾ ആയി സ്റ്റേഡിയം യാതൊരു വികസന പ്രവർത്തനവും ഇല്ലാതെ കിടക്കുവാൻ തുടങ്ങിയിട്ട്.നിലവിലുള്ള സ്ഥലം അനുസരിച്ച് ഓട്ട മത്സരം പോലും നടത്താൻ ഈ സ്റ്റേഡിയത്തിൽ കഴിയില്ല.ഇതിനോട് ചേർന്ന് കിടക്കുന്ന സ്ഥലം വിലക്ക് വാങ്ങി സ്റ്റേഡിയം വിപുലമാക്കുമെന്ന് കലഞ്ഞൂർ പഞ്ചായത്ത് ഭരണ സമിതി വർഷങ്ങളായി ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നുണ്ട്. എന്നാൽ ഇത് വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണ്.
സ്റ്റേടിയത്തിന് അകത്ത് ഓപ്പൺ എയർ സ്റ്റേജ് നിർമ്മിച്ചിട്ടുണ്ടെങ്കിലും സംരക്ഷണം ഇല്ലാത്തതിനാൽ ഇതും നാശാവസ്ഥയിലാണ്.മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് റോഡിനോട് ചേർന്ന് സംരക്ഷണമായി നിർമ്മിച്ച കൽകെട്ടും പൊളിഞ്ഞു. സ്കൂൾ തലം മുതൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ള കായിക താരങ്ങൾ ഉള്ള നാട്ടിലാണ് മിനി സ്റ്റേടിയത്തിന് ഈ അവസ്ഥ. കായിക മേഖലയുടെ ഉന്നമനത്തിനായി വിവിധ ഫണ്ടുകൾ പഞ്ചായത്ത് വകയിരുത്തുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഇവയൊന്നും പ്രയോജനം ചെയ്യുന്നില്ല.