പുനലൂര്‍ : തെന്മല പരപ്പാര്‍ ഡാമില്‍ (കല്ലട ഡാം) സംഭരണശേഷി കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. ഡാമില്‍ അടിഞ്ഞിട്ടുള്ള എക്കലിന്റെയും ചെളിയുടേയും അളവും നിലവിലെ ജലശേഖരവും സംബന്ധിച്ച് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തിയാണ് സംഭരണശേഷി നിശ്ചയിക്കുന്നത്. ജലവിഭവ വകുപ്പിെന്റ പീച്ചിയിലുള്ള കേരള എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെഡിമെന്റേഷന്‍ ടീമിലെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇതിനായുള്ള പ്രത്യേക ബോട്ട് സഹിതം സംഘം രണ്ടാഴ്ച മുമ്പ് ഡാം സൈറ്റില്‍ ക്യാമ്പ് തുടങ്ങിയെങ്കിലും ജലാശയത്തിലെ അപകടകരമായ കാറ്റും ചില ഉപകരണങ്ങളുടെ തകരാറും കാരണം പരിശോധന തുടങ്ങാന്‍ വൈകി. മഴക്കാലത്ത് ഡാം പെട്ടെന്ന് നിറയുകയും വേനല്‍ തുടക്കത്തില്‍ വെള്ളം കൂടുതലായി കുറയുന്നതും കണക്കിലെടുത്ത് ഡാമിെന്റ സംഭരണശേഷി എത്രത്തോളം കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്താനാണ് പരിശോധന.
അത്യാധുനിക സംവിധാനങ്ങളുള്ള സര്‍വേ ബോട്ടില്‍ ഘടിപ്പിച്ച ജി.പി.എസ് വഴി പൊസിഷനും, ഇക്കോ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ആഴവും കണ്ടെത്തി പ്രത്യേക സോഫ്റ്റ് വെയറിെന്റ സഹായത്തോടെയാണ് വെള്ളത്തിെന്റയും അവശിഷ്ടങ്ങളുടെയും അളവ് കണ്ടെത്തുന്നത്. 2018 ലാണ് അവസാനമായി പരിശോധന നടത്തിയത്. അന്ന് 112.8 മീറ്റര്‍ വെള്ളമുള്ളപ്പോള്‍ 6.59 ശതമാനം എക്കല്‍ ഉള്ളതായി കണ്ടെത്തി. വെള്ളം കുറവുള്ള സമയത്തെ പരിശോധന കൃത്യമല്ലെന്നും അധികമായി എക്കല്‍ അടിഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 113.83 മീറ്റര്‍ വെള്ളമുണ്ട്. ഈ സമയത്ത് നടത്തുന്ന പരിശോധനയില്‍ മുമ്പത്തേതിനേക്കാള്‍ എക്കലിന്റെ അളവ് കണ്ടെത്താനാകുമെന്ന് പരിശോധനക്ക് നേതൃത്വം നല്കുന്ന സെഡിമെന്റേഷന്‍ ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജെ ദിവ്യ പറഞ്ഞു. രണ്ട് പ്രളയത്തില്‍ കൂടുതല്‍ എക്കല്‍ അടിയാന് സാധ്യതയുള്ളതായും ഇവര്‍ പറഞ്ഞു. അസി.ഡയറക്ടര്‍മാരായ എസ്.എസ് റോഷിനി, കെ.വി ജയശ്രി എന്നിവരും സംഘത്തിലുണ്ട്.