ചെങ്ങന്നൂർ: ശബരിമല ക്ഷേത്രോൽപത്തിയോളം പഴക്കമുള്ള ആചാരപ്പെരുമ പേറി കല്ലട കാവടി സംഘം ചെറിയനാട്ടെത്തി . കൊല്ലം കിഴക്കേ കല്ലട കരുവേലി കുടുംബക്കാരും പടിഞ്ഞാറേ കല്ലട ചാങ്ങേത്തു കുടുംബക്കാരു മാണ് സംഘത്തിലുള്ളത്.
നെയ് നിറച്ച ആലവട്ടക്കാവടികളുമേന്തി മകരസംക്രമ ദിനത്തിൽ അയ്യപ്പ സ്വാമിയുടെ ദർശനം തേടിയുള്ള യാത്രയ്ക്കിടെയാണ് ദക്ഷിണ സമർപ്പിക്കാനായി ചെറിയനാട് കിഴക്കേടത്തില്ലത്ത് അയ്യപ്പന്മാർ എത്തിയത്. കൊല്ലം കല്ലട കരുവേലിൽ കുടുംബത്തിലെ നാലു കെട്ടിനുള്ളിൽ ആചാരാനുഷ്ഠാനങ്ങളോടെ സൂക്ഷിച്ചു പോരുന്ന നെയ് കാവടിയും ചമയങ്ങളുമായി കുടുംബക്ഷേത്രത്തിൽ ആഴിയും പടുക്കയും നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. രാവിലെ എട്ടര മണിയോടെ ചെറിയനാട് കിഴക്കേടത്തില്ലത്ത് എത്തിച്ചേർന്ന കാവടി സംഘത്തെ കുടുംബ കാരണവർ കെ.പി.എസ്.ശർമയുടെ നേതൃത്വത്തിൽ സ്വീകരിച്ചു . തുടർന്ന് ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം കാവടികൾ കിഴക്കേടത്തില്ലത്ത് ഇറക്കി വെച്ചു. പിന്നീട് പ്രഭാത ഭക്ഷണവും വിശ്രമവും.
ഉച്ചയ്ക്ക് പരമ്പരാഗത വിഭവങ്ങളായ നിവേദ്യ പായസം മാമ്പൂ ചമ്മന്തി , കൂട്ടച്ചാറുകൾ , ഇടിച്ചക്കത്തോരൻ എന്നിവയടങ്ങിയ സദ്യയും കഴിച്ചു. സന്ധ്യയോടെ ശബരിമലയിലേക്കുള്ള തുടർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശരണം വിളി, കർപ്പൂരാരതി , കുടുംബാംഗങ്ങളുടെ കാണിക്ക എന്നിവയ്ക്ക് ശേഷം ഗുരുസ്വാമിമാരായ മുരളീധരൻ , തുളസീധരൻ എന്നിവ ചേർന്ന് കുടുംബക്കാരണവർക്ക് ദക്ഷിണ സമർപ്പിച്ചായിരുന്നു തുടർ യാത്ര. കല്ലട ചിറ്റുമല ദേവീക്ഷേത്രത്തിന്റെ കൈ സ്ഥാനവും ഭരണവും നിക്ഷിപ്തമായിരുന്ന കരുവേലിൽ, ചാങ്ങേത്ത് എന്നീ രണ്ടു കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഗുരുസ്വാമിമാർ.
നാല്പതു പേരടങ്ങിയ കല്ലട കാവടി സംഘം പന്ത്രണ്ടു ദിവസം കൊണ്ട് കാൽനടയായി ശബരിമലയിലെത്തും. പതിനെട്ടാംപടിയുടെ വീതിയിലുള്ള ദണ്ഡിൽ തീർത്ത കാവടിയുടെ രണ്ടറ്റത്തും ആലവട്ടം , കൊടി, തൂക്കുകൾ , അഭിഷേക നെയ് നിറച്ച കലം , നിത്യപൂജയുള്ള അയ്യപ്പന്റ അങ്കി , പട്ടും വെള്ളിയും കൊണ്ടുള്ള കിന്നരികൾ എന്നിവയും കല്ലട സ്വാമിമാർക്കൊപ്പമുണ്ട്. നീളം കൂടിയ ചുവപ്പ് കുപ്പായത്തിൽ കിന്നരികൾ പിടിപ്പിച്ച വസ്ത്രവും തലപ്പാവും കയ്യിൽ ദണ്ഡും കഴുത്തിൽ തോൾമെത്തയുമാണ് കല്ലട അയ്യപ്പന്മാരുടെ വേഷം. സന്താനലബ്ധിക്കായി കല്ലടക്കാവടി ദർശനവും വഴിപാദ്യം വിശേഷപ്പെട്ടതാണെന്ന വിശ്വാസമുള്ളതിനാൽ കല്ലടക്കാവടിയെ തൊട്ടിയും കുഞ്ഞും എന്ന പേരിലും അറിയപ്പെടുന്നു.