കള്ളക്കുറിച്ചി: പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ തന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ജഡാവതിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തിയ കലക്ടര്‍ ഷൂസ് ഊരിയിട്ടതിന് ശേഷം, ദഫേദാറിനെ കൊണ്ട് എടുത്തു മാറ്റിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നതോടെ കലക്ടറിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
അതേസമയം, താന്‍ ഷൂസ് എടുത്തുമാറ്റാന്‍ പറഞ്ഞിട്ടില്ലെന്നാണ് കലക്ടര്‍ വിശദീകരണം നല്‍കുന്നത്. രാജ്യത്തെ ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രധാന ആഘോഷമായ കൂവഗം ഉത്സവത്തിന് മുന്നോടിയായി കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു കലക്ടര്‍. ക്ഷേത്രത്തിന് മുന്നില്‍വെച്ച് കലക്ടര്‍ ഷൂസ് അഴിക്കുന്നതും പിന്നില്‍ നിന്ന ഡഫേദാറിനെ വിളിച്ചുവരുത്തി എടുത്തു മാറ്റാന്‍ ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പുറത്തുവന്നതോടെ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാദവത്തിനെതിരെ നടപടിയെടുക്കണമെന്ന് വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടു.