കോന്നി : കല്ലേലി ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പ്രധാന ഗേറ്റ് കാട്ടാനകൂട്ടം തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും കാട്ടാന കൂട്ടം തകർത്തിരിന്നു. കല്ലേലി എസ്റ്റേറ്റിനോട് ചേർന്ന സ്ഥലങ്ങളിലും എസ്റ്റേറ്റിൽ കൈത കൃഷി ചെയ്തിരിക്കുന്ന ഭാഗത്തും മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ്. വനത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലത്ത് ആയതിനാൽ വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കണം എന്ന ആവശ്യവും നടപ്പായിട്ടില്ല. ഇതിനിടെ എസ്റ്റേറ്റിൽ ലയങ്ങളിൽ താമസിക്കുന്ന നിരവധി തൊഴിലാളികൾ ആണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്.
വനത്തിൽ നിന്നും കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ കാർഷിക വിളകൾ പൂർണ്ണമായി നശിപ്പിച്ചതിന് ശേഷമാണ് തിരികെ മടങ്ങുക. കല്ലേലിക്ക് സമീപമുള്ള ചെളിക്കുഴി റോഡിലും കാട്ടാനയുടെ ശല്യം വർധിക്കുന്നുണ്ട്. മുൻപ് കാട്ടാന കൂട്ടത്തെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി ഓടിക്കാൻ കഴിയുമായിരുന്നു എങ്കിൽ ഇപ്പോൾ ആനകൾ പിൻതിരിയാത്ത സാഹചര്യം ആണ് നിലവിലുള്ളത്. പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുന്ന എസ്റ്റേറ്റിലെ തൊഴിലാളികൾ ഭയത്തോടെ ആണ് യാത്ര ചെയ്യുന്നത്. പുലർച്ചെയും രാത്രിയിലും കൊക്കാത്തോട് ഭാഗത്തേക്ക് പോകുന്നതിനും ആളുകൾക്ക് ഭയമാണ്. വനം വകുപ്പ് രാത്രികാല പരിശോധനകൾ കർശനമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലടക്കം കല്ലേലിയിലെ കാട്ടാനശല്യം ചർച്ചയായിട്ടും നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധത്തിൽ ആണ് നാട്ടുകാർ.