കൊച്ചി : കലൂര്‍ പോക്സോ കേസില്‍ കൂടുതല്‍ കുട്ടികള്‍ ഇരയായോ എന്ന് പരിശോധിക്കാന്‍ പോലീസ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിനുള്ളിലുണ്ടായിരുന്നു കുട്ടികള്‍ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കള്‍ക്കൊപ്പം പോയതെന്നും കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പീഡനത്തിനിരയായതെന്നും ഡിസിപി പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കലൂരില്‍ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിര്‍ത്താതെപോയ കാര്‍ പീന്നീട് നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പോലീസിന് കൈമാറി.
അപകടത്തിന് പിറകെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയും മാറ്റുകയായിരുന്നു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് നിര്‍ത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കള്‍ തങ്ങളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്.