കല്‍പറ്റ: കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫില്‍ സീറ്റ് ധാരണയായി. കോണ്‍ഗ്രസ് 17 സീറ്റുകളിലും മുസ്ലിം ലീഗ് 11 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ് 14 സീറ്റുകളിലും ലീഗ് ഒന്‍പത് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. യു.ഡി.എഫ് സഖ്യത്തില്‍ മത്സരിച്ച എല്‍.ജെ.ഡി എല്‍.ഡി.എഫിലേക്ക് പോയതോടെ ഒഴിവുന്ന അഞ്ചു സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം ലീഗും പങ്കിട്ടെടുത്തു. അതേസമയം എല്‍.ഡി.എഫ് ഇതുവരെ സീറ്റുകളില്‍ ധാരണയിലെത്തിയിട്ടില്ല. രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
നഗരസഭയില്‍ 28 വാര്‍ഡുകളാണുള്ളത്. നഗരസഭകളുടെ ചെയര്‍മാന്‍ പദവി നിര്‍ണയ നറുക്കെടുപ്പ് പൂര്‍ത്തിയായതിനുശേഷം മാത്രമേ കോണ്‍ഗ്രസും ലീഗും മത്സരിക്കുന്ന വാര്‍ഡുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ഇരുപാര്‍ട്ടികളും കഴിഞ്ഞതവണ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും മത്സരിച്ചേക്കും. കൂടാതെ എല്‍.ജെ.ഡി മത്സരിച്ച സീറ്റുകളില്‍ വിജയസാധ്യത കണക്കിലെടുത്തായിരിക്കും ആരു മത്സരിക്കണമെന്ന് തീരുമാനിക്കുക. നേരത്തെ മത്സരിച്ച ഏതാനും വാര്‍ഡുകള്‍ പരസ്പരം കൈമാറാനും സാധ്യതയുണ്ട്. യു.ഡി.എഫ് വാര്‍ഡ് യോഗങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ രംഗത്തുള്ള വാര്‍ഡുകളില്‍ സമവായമില്ലെങ്കില്‍ കെ.പി.സി.സി നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ലീഗില്‍ മൂന്നുതവണ മത്സരിച്ചവര്‍ക്ക് സീറ്റുണ്ടാവില്ല.
എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കുന്ന സീറ്റുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എല്‍.ഡി.എഫ് ധാരണയിലെത്താന്‍ വൈകുന്നത്. കഴിഞ്ഞതവണ സി.പി.എം 24 സീറ്റുകളിലും സി.പി.ഐ മൂന്നു സീറ്റിലും ഒരു സീറ്റില്‍ മാത്യു ടി. തോമസിന്റെ ജെ.ഡി.എസുമാണ് മത്സരിച്ചിരുന്നത്. എല്‍.ജെ.ഡി അഞ്ചു സീറ്റുകള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.പി.ഐയുടെ ഒരു സീറ്റ് ഉള്‍പ്പെടെ നാലു സീറ്റുകള്‍ നല്‍കാനാണ് സി.പി.എം ആലോചിക്കുന്നത്. സി.പി.എം 22 സീറ്റിലും മത്സരിച്ചേക്കും. അന്തിമതീരുമാനം രണ്ടുദിവസത്തിനകം അറിയാനാകും. 2015ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും പാതിയില്‍ എല്‍.ജെ.ഡി അംഗങ്ങളുടെയും കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെ നഗരസഭ ഭരണം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു.