തൃശൂർ : കല്യാൺ ജൂവലേഴ്സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ നല്കും. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രതിരോധപ്രവർത്തനങ്ങൾക്കായിരിക്കും കല്യാൺ ജൂവലേഴ്‌സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുതിനാകും മുൻഗണന. കൊറോണ വൈറസ് ബാധ ആഗോള തലത്തിൽ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവർക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടാണ് കല്യാൺ ജൂവലേഴ്‌സ് 10 കോടി രൂപയുടെ സഹായപദ്ധതിയുമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
തുക അർഹമായ പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും കല്യാൺ വിവിധ സഹായ ദൗത്യങ്ങളുമായി സഹകരിക്കുക. കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായവർക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനായിരിക്കും ആദ്യഘട്ടത്തിൽ തുക ഉപയോഗപ്പെടുത്തുക. കല്യാൺ ജൂവലേഴ്‌സിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 10 കോടി രൂപ നീക്കിവയ്ക്കുന്നത്. ലോക്ക് ഡൗൺ മൂലം കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും എണ്ണായിരത്തിലധികം ജീവനക്കാർക്കും ശമ്പളം പൂർണമായും നല്കുമെന്ന് കാട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ എല്ലാ ജീവനക്കാർക്കും കത്തയച്ചിരുന്നു.