വാഷിങ്ടന്‍ : ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. കുറച്ചു സമയത്തേക്കായിരുന്നു കമല ഹാരിസ് ഈ പദവി അലങ്കരിച്ചത്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രഡിഡന്റ് ജോ ബൈഡനെ (77) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസിലെ ഏറ്റവും പ്രായം കൂടിയ പ്രഡിഡന്റായ ജോ ബൈഡനെ പതിവ് കൊളോണോസ്‌കോപി പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനായി അനസ്തേഷ്യ നല്‍കുന്നതിനാലാണ് താല്‍കാലികമായി അധികാരം കൈമാറിയത്. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ടര്‍ റീഡ് മെഡികല്‍ സെന്ററില്‍വച്ചാണ് ബൈഡന്‍ പരിശോധനയ്ക്ക് വിധേയനായത്. പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അമേരികന്‍ സമയം രാവിലെ 10.10നായിരുന്നു അധികാരക്കൈമാറ്റം. 11.35 ആയപ്പോള്‍ ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. 2002 ലും 2007 ലും അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും സമാനമായി അധികാരം കൈമാറിയിരുന്നു. 57 കാരിയായ കമല ഹാരിസാണ് അമേരികയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ വംശജയും കമല തന്നെയാണ്.