അമേരിക്ക: ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസ് പ്രസിഡന്റായാൽ യു.എസ് ഇല്ലാതാകുമെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇന്നലെ എക്സ് പ്ലാറ്റ്ഫോമിൽ ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിനിടെയായിരുന്നു പരാമർശം. ‘ നാല് വർഷം കൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു. പ്രതിമാസം എത്തുന്ന ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ തടയുന്നില്ല. കമല ബൈഡനേക്കാൾ മോശമാണ്. അവർ സാൻഫ്രാൻസിസ്കോയും കാലിഫോർണിയയും നശിപ്പിച്ചു. പ്രസിഡന്റായാൽ ഈ രാജ്യം തന്നെ നശിക്കും. രാജ്യം പാപ്പരാകും.
ജനങ്ങൾക്ക് പഴയ അമേരിക്കയെ തിരിച്ചുവേണം. ബൈഡൻ താനുമായുള്ള സംവാദത്തിൽ ദയനീയമായി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ കാരണം സ്വന്തം പാർട്ടിയിലെ അട്ടിമറിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം പെൻസിൽവേനിയയിലുണ്ടായ വധശ്രമത്തെക്കുറിച്ച് ദീർഘമായി സംസാരിച്ച ട്രംപ്, താനിപ്പോൾ കൂടുതൽ വിശ്വാസിയായെന്നും പറഞ്ഞു. അഭിപ്രായ സർവേകളിൽ കമല അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ഘട്ടത്തിലാണ് ട്രംപിന്റെ അഭിമുഖം. തനിക്ക് പിന്തുണ പ്രഖ്യാപിച്ച മസ്കിന് ട്രംപ് നന്ദിയും രേഖപ്പെടുത്തി.