തിരുവനന്തപുരം: കേന്ദ്രഏജന്‍സികള്‍ക്ക് സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഒരു കേസില്‍ അന്വേഷണം നടത്താനാകൂ എന്ന നിലപാടിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നതില്‍ സി.പി.എമ്മിനും സര്‍ക്കാരിനും സി.പി.ഐയുടെ പിന്തുണ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ നിലപാട് വ്യക്തമാക്കിയത്. ഇത് പാടില്ലെന്ന് പറയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്നും കാനം തുറന്നടിച്ചു.
സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും സി.ബി.ഐ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാല്‍ അതല്ലാത്ത പല കേസുകളും അവര്‍ ഏറ്റെടുക്കുന്നുമുണ്ട്. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാന്‍ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ നിയമപരമായ പരിശോധനകള്‍ ആവശ്യമാണ്, ഇത് സര്‍ക്കാരിനെ അറിയിച്ചെന്നും തുറന്ന ചര്‍ച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണം നടത്തുന്നെങ്കില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരേയും വേണ്ടതല്ലേ. കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി അഴിമതിക്കേസില്‍ വിചാരണക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതില്‍ തെറ്റില്ല. വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിന് കൂടി പൂര്‍ണബോദ്ധ്യമുണ്ടാകണമെന്നും കാനം പറഞ്ഞു.
സി.ബി.ഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ലൈഫ് മിഷഷന്‍ ഉള്‍പ്പടെയുളള തീവെട്ടിക്കൊളള പുറത്തുവരുമെന്നതിനാലാണ് സി.ബി.ഐക്ക് പൂട്ടിടാനുള്ള സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു മുരളീധരന്റെ ആരോപണം.