റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച വലിയകാവിലെ കാനാത്രപടി – വടക്കേൽ പടി റോഡ് സഞ്ചാരയോഗ്യമാക്കി. ഇതോടെ വലിയ കാവിലെ വടക്കേൽമല നിവാസികൾക്കും യാത്രാസുഗമമായ റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ആറ് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ളവർക്ക് യാത്രയ്ക്കായി റോഡ് സൗകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്തിലെ വെണ്ണിയപ്പാറ – നെടു മലപടി റോഡിൻ്റെ തുടർച്ചയായി വടക്കേൽമല ഭാഗത്തുള്ളവർക്ക് വനം വകുപ്പിൻ്റെ ഒരു കൂപ്പ് റോഡാണ് ആശ്രയമായിരുന്നത്. പതിറ്റാണ്ടുകളായി അറ്റകുറ്റപണികൾ നടക്കാതെ പൂർണ്ണമായി തകർന്ന കൂപ്പ് റോഡ് അടുത്തിടെ വനം വകുപ്പ് അറ്റകുറ്റപണികൾ നടത്തി സഞ്ചാര യോഗ്യമാക്കിയിരുന്നു.
തുടർന്നാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ കാനാത്ര പടി വടക്കേൽ പടി റോഡ് കോൺക്രീറ്റിംഗ് നടത്തിയത്. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. റവ. ഫാ.ബെനിൽ സാം തോമസ്, ഫാ. സജി തോമസ് നെടുമല, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ യേശുദാസൻ, പ്രൊഫ. എം.ജെ. കുര്യൻ, സജി ചാണാശ്ശേരിൽ, തോമസ് മാത്യു അരുവിക്കൽ, ജോൺ മാന്താനത്ത്, ഇ.ടി. കുഞ്ഞുമോൻ, ഷിബു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.