വാളയാർ : കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ്–കൽവെട്ട് അറ്റകുറ്റപ്പണിക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി വീണ്ടും ഇന്ത്യൻ ഓയിൽ–അദാനി സിറ്റി ഗ്യാസ് പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി പ്രകൃതി വാതകം ചോർന്നു. സമീപത്തെ കമ്പനി ജീവനക്കാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ രാവിലെ എട്ടോടെ കഞ്ചിക്കോട് കെഎസ്ഇബി സബ് സ്റ്റേഷൻ റോഡിലാണ് അപകടം നടന്നത്. മിനിറ്റുകൾ മാത്രമാണ് വാതകം ചോർന്നതെങ്കിലും വലിയ ശബ്ദത്തോടെ അന്തരീക്ഷത്തിലേക്ക് നിമിഷ നേരം കൊണ്ട് പരന്നത് പ്രദേശത്തെ പരിഭ്രാന്തിയിലാക്കി.
കമ്പനി ജീവനക്കാർ വിവരം നൽകിയ ഉടൻ സമീപത്തുണ്ടായിരുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. സുരക്ഷാ വാൽവുകൾ അടച്ച് ഉടൻ ചോർച്ച പരിഹരിച്ചു. നേരിയ രീതിയിലാണ് ചോർച്ചയുണ്ടായതെങ്കിലും ഒട്ടേറെ കമ്പനികളുള്ള പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പുതുശ്ശേരിയിൽ നിന്ന് എലപ്പുള്ളി പഞ്ചായത്തിലേക്ക് പാചകവാതകം എത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. ഇവിടെ മാസങ്ങൾക്കു മുൻപാണ് പൈപ്പ് ലൈൻ നിർമാണം പൂർത്തിയാക്കി ചാർജ് ചെയ്ത് വീടുകളിലേക്ക് കണക്‌ഷൻ നൽകിയത്.
അറന്നൂറോളം വീടുകളിലേക്ക് പൈപ്പ് ലൈൻ വഴിയാണ് പാചകത്തിനുള്ള പ്രകൃതി വാതകം വിതരണം ചെയ്യുന്നത്. ഇതിന്റെ പ്രധാന ലൈനുകളിലൊന്നിലാണ് ചോർച്ചയുണ്ടായത്. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. സുരക്ഷ വിലയിരുത്തിയ ശേഷം റോഡ് അറ്റകുറ്റപ്പണികളും നിർമാണ ജോലികൾ പുനരാരംഭിച്ചു. ഇതു രണ്ടാം തവണയാണ് സമാനമായ രീതിയിൽ പൈപ്പ് ലൈൻ പൊട്ടി ചോർച്ചയുണ്ടാകുന്നത്. ഈ മാസം എട്ടിനു കഞ്ചിക്കോട്ട് മറ്റൊരിടത്തും സമാനമായ രീതിയിൽ മണ്ണുമാന്തി യന്ത്രം തട്ടി പൈപ്പ് ലൈൻ പൊട്ടിയിരുന്നു.
ആധുനിക സജീകരണങ്ങളോടെ വളരെ സുരക്ഷിതമായാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുള്ളതെന്നും മുന്നറിയിപ്പു വകവയ്ക്കാതെ നിർമാണ പ്രവൃത്തി നടത്തിയതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നും കമ്പനി അധികൃതർ അറിയിച്ചു. അപകടം ആവർത്തിക്കാതിരിക്കാൻ മേഖലയിൽ നിരീക്ഷണവും കർശന സുരക്ഷാ സംവിധാനവും ഒരുക്കിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.