ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ യുവതി കൊല്ലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പോലീസിന് സൂചന ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ഫോണിലുള്ളത് കൊണ്ട് തന്നെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍.
അതേസമയം പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വല്‍സമ്മ(അനുമോള്‍ 27) യുടെ മൃതദേഹമാണ് വീടിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവര്‍ക്കുമിടയില്‍ മാസങ്ങളായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.