കല്പറ്റ : കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം വിധി ഈ മാസം 19ന്. നാടിനെ നടുക്കിയ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസിന്റെ വാദം പൂര്‍ത്തിയായതോടെ ഫെബ്രുവരി 19 ന് ജില്ല സെഷന്‍സ് കോടതി വിധി പറയും. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ വിചാരണ ഡിസംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് പ്രതി വിശ്വനാഥനെ ചോദ്യംചെയ്ത ശേഷമാണ് വാദം തുടങ്ങിയത്. ചൊവ്വാഴ്ചയാണ് പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും തമ്മിലുള്ള വാദം തുടങ്ങിയത്. കഴിഞ്ഞദിവസം പൂര്‍ത്തിയായി. പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് ഹാജരായത്. 2018 ജൂലൈ ആറിനായിരുന്നു ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരു തുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യം സാധിച്ചിരുന്നില്ല. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു. കേസില്‍ എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ല സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഇതുവരെ 72 സാക്ഷികളാണുണ്ടായിരുന്നത്.