എപ്പോഴും വിവാദങ്ങളിൽ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട് . എന്നാല്‍ തന്‍റേതായ അഭിനയമികവ് കൊണ്ടും ശൈലി കൊണ്ടും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ച നടിയാണ് കങ്കണ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആറ് മാസത്തിനിടെ 20 കിലോ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തെന്നും അത് തന്‍റെ ശരീരത്തിൽ പാടുകൾ വീഴ്ത്തിയെന്നും പറയുകയാണ് കങ്കണ.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന താരത്തിന്‍റെ ‘തലൈവി’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് കങ്കണ ശരീരഭാരം കൂട്ടിയത്. എന്നാൽ അടുത്ത സിനിമ ധാക്കഡിനു വേണ്ടി ഭാരം കുറയ്ക്കേണ്ടി വന്നു. ഈ അനുഭവമാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘മുപ്പതുകളിലുള്ള ഞാൻ ആറ് മാസം കൊണ്ടാണ് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. ഇത് എന്റെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ ഉണ്ടായി’- ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ കുറിച്ചു.