ഭോപാല്‍: സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സിനിമാ നടിമാരുടെ വേഷത്തെപ്പറ്റിയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് ആശങ്കയെന്നു കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. കഴിഞ്ഞ ഡിസംബറില്‍ ‘പഠാന്‍’ സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ വസ്ത്രത്തെപ്പറ്റിയുള്ള വിവാദം ഓര്‍മിപ്പിച്ചാണു കനയ്യയുടെ വിമര്‍ശനം. ആദിവാസി യുവ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സിനിമയില്‍ ദീപിക പദുക്കോണ്‍ എന്തു വസ്ത്രം ധരിക്കുന്നു എന്നതിനെപ്പറ്റിയല്ല, മധ്യപ്രദേശിലെ വനിതകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ദലിതര്‍ക്കും എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാകണം താങ്കളുടെ ആശങ്ക.”- കനയ്യ പറഞ്ഞു. ബോളിവുഡ് താരം ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്‍’ സിനിമയിലെ ‘ബേഷറം രംഗ്’ പാട്ടില്‍ ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിനെ നരോത്തം മിശ്ര ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവരുടെ ഭാരത് ജോഡോ എങ്ങനെയാണെന്ന് ഇത് കാണിക്കുന്നുവെന്ന് മിശ്ര പറഞ്ഞു.