ന്യൂഡൽഹി : സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായി കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. കനയ്യ കുമാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ രാഹുൽ ഗാന്ധിയുമായി കനയ്യ കുമാർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചനകൾ. തീരുമാനം വരുംദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് വിവരം. കനയ്യ കുമാറിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ഉന്നത തലത്തിൽ പാർട്ടി ഗൗരവകരമായി പരിഗണിക്കുകയാണെന്നും എന്നാൽ, എന്ന്, എങ്ങനെ അദ്ദേഹം പാർട്ടിയിൽ ചേരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയില്ലെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ആൾക്കൂട്ടത്തെ അകർഷിക്കുന്ന മികച്ച നേതാക്കളുടെ ദൗർലഭ്യം ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്ന ഘട്ടത്തിലാണ് കനയ്യ കുമാറുമായുള്ള ചർച്ചകൾ നടക്കുന്നത്. കനയ്യ കുമാർ പാർട്ടിയിലേക്ക് എത്തുന്നത് യുവാക്കൾക്കിടയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പക്ഷേ സഖ്യകക്ഷിയായ രാഷ്ടീയ ജനതാദൾ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിലും കോൺഗ്രസിന് ആശങ്കയുണ്ട്.