ചെന്നൈ : സൈബര്‍ അറ്റാക്കില്‍ മാനസികമായി തകന്ന തമിഴ്-കന്നഡ നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ വിജയ ലക്ഷ്മി നിരവധി വീഡിയോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. നം തമിളര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പനങ്കാട്ട് പടൈ നേതാവ് ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി നടി വീഡിയോകളില്‍ ആരോപിച്ചിരുന്നു.
രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകുന്ന ഗുളികകള്‍ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഞായറാഴ്ച അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സീമാന്റെയും ഹരി നടാറിന്റെയും അനുയായികള്‍ തന്നെ ഉപദ്രവിക്കുന്നതായി പറഞ്ഞ വിജയലക്ഷ്മി രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും വീഡിയോയില്‍ ആവശ്യപ്പെട്ടു.
‘ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങളും കാരണം ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതിജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഹരി നാടാര്‍ സമൂഹമാധ്യമങ്ങളില്‍ എന്നെ അപമാനിച്ചു.. ഞാന്‍ ബിപി ഗുളികകള്‍ കഴിച്ചു. കുറച്ച് സമയത്തിനുള്ളില്‍ എന്റെ ബിപി കുറയുകയും ഞാന്‍ മരിക്കുകയും ചെയ്യും. – ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിജയലക്ഷ്മി പറഞ്ഞു.
തന്റെ മരണം കണ്ണ് തുറപ്പിക്കുന്ന ഒന്നായിരിക്കണമെന്നും സീമാനെയും ഹരി നടറിനെയും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും നടി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാര്‍ട്ടിയായ നാം തമിളര്‍ കാച്ചിയുടെ നേതാവാണ് സീമാന്‍. രാഷ്ട്രീയ സംഘടനയായ പനങ്കാട്ട് പടൈ നേതാവ് ഹരി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന നംഗുനേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.