തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നെന്ന് ഐ.എ.എസ് അസോസിയേഷൻ. ഐ.എ.എസ് ഉദ്യഗസ്ഥരുടെ അതൃപ്തി ചീഫ് സെക്രട്ടറിയെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ടെന്നും അരുൺ കെ വിജയനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കുന്നുവെന്നുമാണ് ഐ.എ.എസ് അസോസിയേഷന്റെ അഭിപ്രായം. അസോസിയേഷൻ്റെ പൊതുവികാരം ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിച്ചേക്കും. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന മൊഴിയില്‍ ഉറച്ച് നിൽക്കുകയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍.
അന്വേഷണത്തില്‍ കാര്യങ്ങള്‍ പുറത്തുവരട്ടേ. തനിക്കെതിരായ നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കളക്ടർ പറഞ്ഞിരുന്നു. വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെ നിലപാട്. ഒട്ടും സൗഹൃദപരമല്ലായിരുന്നു ഇടപെടല്‍. ആക്ഷേപ പ്രസംഗത്തില്‍ തന്‍റെ ഭര്‍ത്താവ് തകര്‍ന്നിരിക്കുമ്പോള്‍ ചിരിയോടെയുള്ള കലക്ടറുടെ പെരുമാറ്റം സഹിക്കാനായില്ല. അതുകൊണ്ടാണ് സംസ്കാര ദിവസം കളക്ടറെ കാണാന്‍ വിസമ്മതിച്ചതെന്നും നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു.