കണ്ണൂർ : കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയറാരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും തീരുമാനം. ഈ മാസം 28നാണ് മേയര്‍ തെരഞ്ഞെടുപ്പ്.
മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, മുതിര്‍ന്ന നേതാവ് ടി.ഒ. മോഹനന്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ടി.ഒ. മോഹനന്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അന്തിമ തീരുമാനം ഈ മാസം 25 ന് ശേഷമുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും മേയറെ തീരുമാനിക്കുക. കെ. സുധാകരന്‍ എംപിയുടെ നിലപാടും നിര്‍ണായകമാകും. അതേസമയം ഇത്തവണ മേയര്‍ സ്ഥാനം മുസ്ലീംലീഗുമായി കോണ്‍ഗ്രസ് പങ്കുവെയ്ക്കില്ലെന്നാണ് സൂചന. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിന് നല്‍കും. ലീഗിലെ ഷമീമയ്ക്കാണ് കൂടുതല്‍ സാധ്യത.