കണ്ണൂര്‍ : നേതാക്കള്‍ തമ്മില്‍ പോര് മുറുകിയ കണ്ണൂരിലെ സിപിഎമ്മില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ട് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കോടിയേരി പങ്കെടുത്തു. നാളത്തെ ജില്ലാ കമ്മിറ്റിയിലും കോടിയേരി പങ്കെടുക്കും.
പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരുന്ന സ്ഥിതിയ്‌ക്ക് സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി പോര് കുറച്ച് പ്രമുഖ നേതാക്കളെ അനുനയിപ്പിക്കുന്നതിനാണ് കോടിയേരിയിലൂടെ പാര്‍ട്ടി ശ്രമിക്കുന്നത്. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടിയിലും തന്നെ തഴയുന്നതില്‍ അമര്‍ഷമുളള ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന്‍, മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരുടെ അതൃപ്‌തി അകറ്റാനും പരമാവധി നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കണ്ട് ചര്‍ച്ച നടത്താനുമാണ് കോടിയേരി ശ്രമിക്കുന്നതെന്ന് സൂചനകളുണ്ട്.
എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് കോടിയേരി കണ്ണൂരെത്തിയതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. സ്വര്‍ണക്കടത്ത് പ്രശ്‌നത്തില്‍ പാര്‍ട്ടി ചര്‍ച്ചയ്‌ക്കിടെ പി.ജയരാജന്‍, കെ.പി സഹദേവന്‍ എന്നിവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതും ഇരുവരെയും പാര്‍ട്ടി കര്‍ശനമായും താക്കീത് ചെയ്‌തതും മറ്റൊരു പ്രശ്‌നമാണ്. മികച്ച തെരഞ്ഞെടുപ്പ് വിജയമുണ്ടായിട്ടും പാര്‍ട്ടിയില്‍ തുടരുന്ന പലവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കോടിയേരിയുടെ സന്ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നതെന്നും സൂചനകളുണ്ട്.