തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവ്വീസ് ആരംഭിക്കാനിരിക്കെ ഇടപെടലുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തിനകത്ത് ഇന്ന് സർവ്വീസ് തുടങ്ങുന്ന രണ്ട് ട്രെയിനുകളിൽ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ട്രെയിനിന്റെ സർവ്വീസ് സർക്കാർ ഇടപെട്ട് ചുരുക്കി. കണ്ണൂരിന് പകരം കോഴിക്കോട് സ്റ്റേഷനിൽ നിന്നാവും തീവണ്ടി തിരുവനന്തപുരത്തേക്ക് പുറപ്പെടുക. തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ സർവ്വീസ് അവസാനിപ്പിക്കും.
കണ്ണൂർ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും കേരള സർക്കാരിന്റെ നിർദേശത്തെ തുടർന്ന് റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ കൊവിഡ് കേസുകളുടെ ബാഹുല്യവും എല്ലാ സ്റ്റേഷനുകളിലും സ്ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ജനശതാബ്ദി ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിചുരുക്കിയതെന്നാണ് സൂചന. ചൊവ്വ, ശനി ഒഴികെ ആഴ്ചയിൽ മറ്റു അഞ്ച് ദിവസവും ജനശതാബ്ദി സർവ്വീസ് നടത്തും.
അതേസമയം ഇന്ന് മുതൽ കൂടുതൽ യാത്ര ട്രെയിൻ സർവീസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തിൽ ആറ് ട്രെയിനുകൾ ഓടി തുടങ്ങും. മുംബൈയിലേക്കുള്ള നേത്രാവതി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവന്തപുരം കണ്ണൂർ (കോഴിക്കോട് വരെ) ജനശതാബ്ദി, ഡല്‍ഹിയിലേക്കുള്ള മംഗളാ എക്സ് പ്രസ്സ് , നിസാമുദ്ദീൻ എറണാകുളം തുരന്തോ, തിരുവനന്തപുരം -എറണാകുളം പ്രത്യേക ട്രെയിൻ എന്നിവയാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.
യാത്രക്കാർ ഒന്നര മണിക്കൂർ മുന്‍പ് റെയിൽവേ സ്റ്റേഷനിൽ എത്തണം. ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര അനുവദിക്കില്ല. എസി, സ്ലീപ്പർ കോച്ചുകളിൽ മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിക്കുമെന്നതിനാൽ സാമൂഹിക അകലം പാലിക്കുന്നത് വെല്ലുവിളിയാണ്. ട്രെയിനില്‍ പാൻട്രികൾ പ്രവർത്തിക്കില്ലാത്തതിനാൽ ഭക്ഷണവും വെള്ളവും യാത്രക്കാർ കരുതണം. ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം