കണ്ണൂര്‍ : കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. മുന്നണിക്കുള്ളിലെ ധാരണ പ്രകാരം കോണ്‍ഗ്രസ് മേയര്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ സി. സീനത്ത് ജയിച്ചു. 28-നെതിരെ 27-വോട്ടുകള്‍ക്കാണ് സീനത്തിന്റെ വീജയം. ചരിത്രത്തില്‍ ഇതാദ്യമായാണ് മുസ്ലീംലീഗിന് ഒരു വനിതാ മേയര്‍ ഉണ്ടാവുന്നത്. ഇ.പി ലതയായിരുന്നു എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനര്‍ത്ഥി.
അഞ്ച് വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ കോര്‍പറേഷന്റെ മേയറാകുന്ന മൂന്നാമത്തെ ആളാണ് സി.സീനത്ത്. മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിന്റെ സുമ ബാലകൃഷ്ണന്‍ രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ 10.30 ന് കളക്‌ട്രേറ്റ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്.
കഴിഞ്ഞ മാസം നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പി.കെ. രാഗേഷ് ജയിച്ചിരുന്നു. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് ഒരു സ്വതന്ത്രനടക്കം 28ഉം എല്‍ഡിഎഫിന് ഇരുപത്തി ഏഴും അംഗങ്ങളാണ് ഉണ്ടായിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്‌ട്രേറ്റ് കോമ്പൗണ്ടിന് അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കോമ്പൗണ്ടിനുള്ളില്‍ പൊതുയോഗങ്ങള്‍ക്കും പ്രതിഷേധ പരിപാടികള്‍ക്കും വിലക്കുണ്ട്.