കണ്ണൂര്‍ : കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി കോവിഡ് വ്യാപന ഭീതിയില്‍. ഇതുവരെ 57 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സക്കെത്തിയ ഇരുപത് പേര്‍ക്കും മൂന്ന് കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗം ഒഴികെയുളള ചികിത്സകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മാത്രം 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 57 ആയി. ഇരുന്നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതിനിടെ കോവിഡ് ഇതര രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ എട്ട് പേര്‍ക്കും മൂന്ന് കൂട്ടിരിപ്പുകാര്‍ക്കും ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് രോഗം.
ഇതോടെ പരിയാരത്ത് ചികിത്സക്കെത്തി രോഗം ബാധിച്ചവരുടെ എണ്ണം ഇരുപതായി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്റര്‍, ഐ.സി.യു തുടങ്ങിയവ ഈ മാസം 30വരെ അടച്ചിട്ടുണ്ട്.