സമീപകാല മലയാള റിലീസുകളില്‍ ഏറ്റവും സ്മാര്‍ട്ട് ആയി മാര്‍ക്കറ്റ് ചെയ്യപ്പെട്ട ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു മമ്മൂട്ടി ചിത്രത്തിന് സാധാരണ ലഭിക്കാറുള്ള തിയറ്റര്‍ കൗണ്ട് നോക്കുമ്പോള്‍ കുറച്ച് സ്ക്രീനുകളില്‍ മാത്രമായിരുന്നു ഇന്നലെ ചിത്രത്തിന്‍റെ റിലീസ്. പ്രീ റിലീസ് പ്രൊമോഷനുകളില്‍ ചിത്രത്തെക്കുറിച്ച് ഹൈപ്പ് ഉയര്‍ത്തുന്ന തരത്തില്‍ സംസാരിക്കാതിരിക്കാന്‍ അണിയറക്കാര്‍ സൂക്ഷിച്ചു. എന്നാല്‍ കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ഫലം ആദ്യദിനം എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകള്‍. ഒപ്പം കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 85 സ്ക്രീനുകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു. ഇന്ന് മുതല്‍ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് 250 ല്‍ ഏറെയാണ്.
ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയുടെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വിദേശ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിരുന്നു. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കാസര്‍ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്‍റെ കഥ പറച്ചില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് അദ്ദേഹവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. സംഗീത സംവിധാനം നിര്‍വ്വഹിച്ച സുഷിന്‍ ശ്യാമിനും കൈയടി ലഭിക്കുന്നുണ്ട്.