തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്‌എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ പാഠ്യവിഷയമായത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. പ്രതിലോമ ആശയങ്ങളെയും ആ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തികളെയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “നമ്മുടെ നിലപാട് വ്യക്തമാണ്. സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിഞ്ഞ് നിന്ന സംഘടനകളെയും അവയെ നയിച്ച നേതാക്കളെയും മഹത്വവല്‍ക്കരിക്കുക എന്ന സമീപനം നമുക്ക് ഇല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന് ആരും തയ്യാറാവുകയും ചെയ്യരുത്,” മുഖ്യമന്ത്രി പറഞ്ഞു.
“ഏത് പ്രതിലോമകരമായ ആശയവും പരിശോധിക്കുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടി വരും. പക്ഷേ അത്തരം ആശയങ്ങളെയും ആ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തികളെയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാവരുത്. ഇവിടെ യൂണിവേഴ്സിറ്റി അതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടി ഇപ്പോള്‍ തന്നെ സ്വീകരിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. ”
“കേരളത്തില്‍ ഈ കാര്യത്തിലുള്ള നിലപാട് എന്താണെന്ന് സംബന്ധിച്ച് ആര്‍ക്കും സംശയമില്ലെന്നാണ് കരുതുന്നത്,”മുഖ്യമന്ത്രി പറഞ്ഞു.